തേഞ്ഞിപ്പലം(മലപ്പുറം): ''പാടത്തുവളപ്പില്‍ കൃഷ്ണന്‍ മകള്‍ ശാന്ത, തൃശ്ശൂര്‍ ജില്ല, പട്ടിക്കാട്, പീച്ചിറോഡ്', കീറിയെടുത്ത ഒരു കട്ടിക്കടലാസില്‍ പേനകൊണ്ടെഴുതിയ മേല്‍വിലാസമാണ് ശാന്തയുടെ കൈയിലുള്ള തിരിച്ചറിയല്‍രേഖ.
തന്നെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഇതു കാണിച്ചുകൊടുക്കും. ഭൂരിഭാഗം സമയവും തെരുവുകള്‍ വൃത്തിയാക്കിക്കഴിയുകയാണ് ഈ അറുപത്തിമൂന്നുകാരി.
തെരുവുകളില്‍നിന്ന് തെരുവുകളിലേക്ക് ശാന്ത നടക്കുമ്പോള്‍ ഇല്ലാതാകുന്നത് മാലിന്യമാണ്.
കടകള്‍ക്കുമുന്നിലും നടപ്പാതകളിലും ചിതറിക്കിടക്കുന്ന ചപ്പുചവറുകള്‍ തൂത്തുവാരിയും പുല്ലുപറിച്ചും അങ്ങാടികള്‍ ശുചീകരിച്ചുമാണ് ഇവരുടെ ജീവിതം. സേവനം കണ്ടറിഞ്ഞ് ആളുകള്‍ നല്‍കുന്നത് സ്വീകരിക്കും. കിട്ടിയത് അല്‍പ്പം കൂടിപ്പോയാല്‍ ബാക്കി തിരിച്ചുനല്‍കും. കേരളത്തിലെ പലജില്ലകളിലായി ഇതേ ജോലിയുമായി വര്‍ഷങ്ങളായി ശാന്ത യാത്രചെയ്യുന്നു. തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്താണ് സ്വദേശം.
അവിവാഹിതയായ ശാന്തയ്ക്ക് സഹോദരങ്ങളുണ്ടെങ്കിലും അസുഖംമൂലം വീട് വില്‍ക്കേണ്ടിവന്നപ്പോള്‍ അവരെയൊന്നും ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതി ഈ തൊഴിലിനിറങ്ങിയതാണ്. വല്ലപ്പോഴുമൊരിക്കല്‍ അവരെ പോയി കാണും.
ഇപ്പോള്‍ മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ കളിയാട്ടമുക്ക് ഭാഗത്താണ് താമസിക്കുന്നത്. ഇടയ്ക്ക് വീടുകളിലും ശുചീകരണത്തിനായി പോകാറുണ്ട്. നാട്ടില്‍ റേഷന്‍കാര്‍ഡില്‍ പേരുണ്ടെന്ന് ശാന്ത പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ കോഹിനൂര്‍, ചേളാരി ഭാഗങ്ങളിലായിരുന്നു ഇവരുടെ സേവനം.
content highlights: santha- woman cleaning streets