കാഞ്ഞിരപ്പള്ളി: ശബരിമലയ്ക്ക് മുച്ചക്രവാഹനത്തിൽ പോയ ഭിന്നശേഷിക്കാരനായ തീർഥാടകന്റെ വാഹനം കേടായി പാതിവഴിയിൽ കുടുങ്ങിക്കിടന്നത് നാല് ദിവസം. ഒടുവിൽ സ്കൂട്ടറിന്റെ തകരാർ പരിഹരിച്ച് യാത്രതുടരാനായത് സുമനസ്സുകളായ സർക്കാർ ജീവനക്കാരന്റെയും വർക്ക്‌ഷോപ്പ് ഉടമയുടെയും സഹായത്താൽ.

ജന്മനാ ഇരുകാലുകൾക്കും ശേഷിക്കുറവുള്ള വൈക്കം കുടവെച്ചൂർ കൊച്ചുപുത്തേടത്ത് ശശികുമാറിന്‍റെ വാഹനമാണ് കേടായാത്. ഒന്നാംതിയതി ശബരിമലയിലേക്ക് പുറപ്പെട്ട ശശികുമാറിന്റെ വാഹനം എരുമേലിയിലെത്തിയപ്പോഴാണ് കേടായത്. വർക്ക് ഷോപ്പുകളിൽ കാണിച്ചെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. മൂന്നുദിവസം എരുമേലിയിൽ കഴിഞ്ഞുകൂടി. ഷോറൂമിലെത്തിച്ചാൽ തകരാർ പരിഹരിക്കാൻ കഴിയുമെന്ന് അറിയിച്ചതോടെ പെട്ടിഓട്ടോറിക്ഷയിൽ കയറ്റി വാഹനം കാഞ്ഞിരപ്പള്ളിയിലെ വർക്ക്ഷോപ്പിൽ എത്തിച്ചു.

വർക്ക്‌ഷോപ്പ് ജീവനക്കാർ വാഹനം പരിശോധിച്ചപ്പോൾ 1500 രൂപയുടെ പണി വേണമെന്ന് കണ്ടെത്തി. ശശികുമാറിന്റെ കൈവശം പണം ഇല്ലായിരുന്നതിനാൽ തൊട്ടടുത്ത് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെത്തി സഹായമഭ്യർഥിച്ചതോടെ താലൂക്ക് ഓഫീസിലെ ക്ലാർക്ക് ഷാരോൺ ജോൺ, ഓഫീസ് അറ്റൻഡർ സേതു മോഹൻ എന്നിവർ ആവശ്യമായ പണം നൽകി സഹായിച്ചു. വർക്ക്ഷോപ്പ് ഉടമ സൗജന്യമായി വാഹനം പണിതുനൽകുകയും ചെയ്തതോടെയാണ് ശശികുമാറിന് വീണ്ടും തീർഥാടനം തുടരാനായത്.

Content highlights: Sabarimala pilgrim vehicle stuck in Kanjirappally