പനാജി: ചിലരുടെ സമയോചിതമായ ഇടപെടല്‍ മറ്റു ചിലരുടെ ജീവന്‍തന്നെ രക്ഷപ്പെടാന്‍ കാരണമാകാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയും കാഴ്ചയുമാണ് ഗോവയിലെ വാസ്‌കോ ഡ ഗാമ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പുറത്തുവരുന്നത്. 

ഓടിത്തുടങ്ങിയ തീവണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച ഒരു യാത്രക്കാരന്‍. അദ്ദേഹം ബാലന്‍സ് തെറ്റി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുന്നു. ഈ കാഴ്ച കണ്ട് ഓടിയെത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ പ്ലാറ്റ്‌ഫോമിനിടയില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നു. ഗോവയിലെ വാസ്‌കോ ഡ ഗാമ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് സംഭവം. 

സ്‌റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ വാസ്‌കോ-പട്‌ന എക്‌സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീണത്. ഇതു കണ്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ.എം. പാട്ടീല്‍ ഓടിയെത്തുകയും യാത്രക്കാരനെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. പാട്ടീല്‍ ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു. 

യാത്രക്കാരനെ പാട്ടീല്‍ രക്ഷിക്കുന്നതിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പാട്ടീലിന്റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.  

content highlights: rpf cop saves passenger who tried to board moving train