കാളികാവ് (മലപ്പുറം): വെള്ളയൂർ ഗ്രാമത്തിലും പരിസരത്തുമുള്ള നിർധനവിദ്യാർഥികളുടെ പഠനച്ചെലവിന് ഇനി സരസ്വതി ടീച്ചറുടെ സഹായഹസ്തമെത്തും. ദീർഘകാലം അധ്യാപകജോലിചെയ്ത് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യമായ 14 ലക്ഷം രൂപയാണ് ഇവർ പഠിക്കാൻ പണമില്ലാതെ പാടുപെടുന്നവർക്കായി നീക്കിവെക്കുന്നത്. ഇതിനായി 18 സെന്റ് സ്ഥലം നീക്കിവെച്ച് ട്രസ്റ്റിനും രൂപം നൽകിയിട്ടുണ്ട്.

വെള്ളയൂർ എ.യു.പി. സ്കൂളിൽനിന്ന് വിരമിച്ച ഹിന്ദി അധ്യാപികയാണ് അങ്കക്കാട്ടിൽ സരസ്വതിയമ്മ. അകാലത്തിൽ മരണപ്പെട്ട മകൻ ഭഗവത് പ്രസാദിന്റെ സ്മരണാർഥമുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് പ്രവർത്തനങ്ങൾനടത്തുക. വിദ്യാഭ്യാസം, വാർധക്യ പരിപാലനം, ആരോഗ്യ സംസ്കാരിക ഇടപെടൽ തുടങ്ങിയവയാണ് ട്രസ്റ്റ് ലക്ഷ്യം വെക്കുന്നത്.

ട്രസ്റ്റിന്റെ ആദ്യ പ്രവർത്തനമായി തിരഞ്ഞെടുത്ത വെള്ളയൂർ മൂകാംബിക ദുർഗ ഭഗവതീ ക്ഷേത്രത്തിന് അന്നദാനപ്പുര നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞു.

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മകൻ മരിച്ചത്. മകന്റെ പ്രായക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. മേലാറ്റൂർ, പാണ്ടിക്കാട്, തുവ്വൂർ, കരുവാരക്കുണ്ട്, അടയ്ക്കാകുണ്ട്, പുല്ലങ്കോട്, വാണിയമ്പലം, വണ്ടൂർ വി.എം.സി, വണ്ടൂർ ഗേൾസ് എന്നീ ഒമ്പത് വിദ്യാലയങ്ങളിലെ ഉന്നതവിജയികൾക്കാണ് പുരസ്കാരം നൽകിയത്‌. വെള്ളയൂരിലെ അങ്കണവാടിക്കും ക്ലബ്ബിനും സരസ്വതിയമ്മ സ്ഥലം നൽകിയിട്ടുണ്ട്.

വെള്ളയൂർ മൂകാംബിക ദുർഗ ഭഗവതീക്ഷേത്ര അന്നദാനപ്പുരയുടെ ഉദ്ഘാടനം സരസ്വതിയമ്മ, ദേവകി, പരമാനന്ദപുരി സ്വാമി, വിരജാനന്ദ തീർത്ഥസ്വാമി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം വി.പി. സന്ധ്യ, ഗ്രാമപ്പഞ്ചായത്തംഗം എൻ. സൈതാലി, വെള്ളയൂർ ക്ഷേത്ര പ്രസിഡന്റ് ദേവൻ, ക്ഷേത്ര സംരക്ഷണസമിതി താലൂക്ക് സെക്രട്ടറി അനിൽ എന്നിവർ പ്രസംഗിച്ചു.

content highlights: retired teacher helps financially backward students