പെരിയ: പതിനഞ്ച്‌ ദിവസം മുൻപ്‌ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന രാജസ്ഥാൻ നാഗോർ സ്വദേശി സുരാറാമിനെ (29) തേടി ബന്ധുക്കളെത്തി. വഴിതെറ്റി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരാറാമിനെ നാട്ടിലെത്തിക്കാൻ രാജസ്ഥാൻ സ്വദേശിയും കൊല്ലം റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനുമായ ദേശ് രാജ് മീന ശ്രമം നടത്തിയിരുന്നു.

എന്നാൽ യാത്രയ്ക്കിടെ കാസർകോട് എത്തിയപ്പോൾ സുരാറാം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ദേശ് രാജ് കാസർകോട് റെയിൽവേ പോലീസിന്റെ സഹായം തേടി.

റെയിൽവേ ഇൻസ്‌പെക്ടർ പി. വിജയകുമാർ, ഉദ്യോഗസ്ഥരായ കെ. വിനീഷ് കുമാർ, പി.കെ. ആനന്ദ് കുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് സുരാറാമിനെ മൂന്നാംമൈലിലെ സ്നേഹാലയത്തിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബന്ധുക്കളായ രാജ് കുമാർ, മഹിപാൽ എന്നിവർ സ്നേഹാലയത്തിലെത്തി. ബ്രദർ ഈശോദാസിന്റെ നേതൃത്വത്തിൽ സ്നേഹാലയസംഘം സുരാറാമിനെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി.