ആറ്റിങ്ങല്‍: മതങ്ങളെയും ആചാരങ്ങളെയും ജീവിതത്തിന്റെ പടിക്കു പുറത്തുനിര്‍ത്തി റഹീമിന്റെ മാതൃക. മതാതീതമായി എങ്ങനെ ജീവിക്കാമെന്നു കാട്ടിത്തരുകയാണ് ആറ്റിങ്ങല്‍ അവനവഞ്ചേരി ഊരുപൊയ്ക കൂട് എന്ന വീട്ടിലെ റഹീമും കുടുംബവും. മാതൃഭൂമി മുദാക്കല്‍ ഏജന്റാണ് റഹീം. കുട്ടിക്കാലം മുതല്‍ക്കേ മനുഷ്യത്വത്തില്‍ മാത്രമായിരുന്നു വിശ്വാസം.

വിദേശത്ത് ജോലിചെയ്ത ശേഷം നാട്ടിലെത്തിയ റഹീം തിരുവനന്തപുരം ശ്രീചിത്രാ പുവര്‍ഹോമില്‍നിന്നാണ് ജീവിതസഖിയായ ഷീലയെ കണ്ടെത്തിയത്. ഒരു ലോക മനുഷ്യാവകാശദിനത്തിലായിരുന്നു വിവാഹം. ഹിന്ദുമത വിശ്വാസിയായിരുന്നു ഷീല.

മകന്റെ സ്‌കൂള്‍ പ്രവേശനസമയത്ത് റഹീം മതത്തിന്റെ കോളത്തില്‍ 'ഇല്ല' എന്ന് രേഖപ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിച്ചത്. മതം രേഖപ്പെടുത്തണമെന്ന വാദവുമായി ചിലര്‍ രംഗത്തെത്തി. തനിക്കും തന്റെ മകനും മതമില്ലെന്ന് റഹീം വ്യക്തമാക്കി. ഒടുവില്‍ കാരണം വ്യക്തമാക്കി കത്തുനല്‍കാന്‍ ആവശ്യപ്പെട്ടതോടെ സ്‌കൂളധികൃതര്‍ വഴങ്ങി. അങ്ങനെ റഹീം-ഷീല ദമ്പതിമാരുടെ മക്കളായ ഗാഷും ഫാമിയും മതമില്ലാതെ വളര്‍ന്നു.

ചൊവ്വാഴ്ച റഹീമിന്റെ മകള്‍ ഫാമിയുടെ വിവാഹമായിരുന്നു. കൊല്ലം ഓച്ചിറ ഞക്കനാല്‍ കൃഷ്ണപുരം സജിവില്ലയില്‍ എ.കെ.അഷ്റഫിന്റെയും ആര്‍.ഷീബയുടെയും മകന്‍ അനുവാണ് ഫാമിയുടെ കൈപിടിച്ചത്. മതാതീത ചിന്ത വച്ചുപുലര്‍ത്തുന്ന കുടുംബമാണ് ഇവരുടേതും. മതമില്ലാതെ വളര്‍ന്നയാളാണ് അനുവും. ആറ്റിങ്ങല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം.

2014-ല്‍ റഹീമിന്റെ മകന്‍ ഗാഷിന്റെ വിവാഹവും ഇതേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു. രണ്ടു മക്കളുടെയും വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ റഹീം പ്രത്യേകം ശ്രദ്ധിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ സരിതയാണ് ഗാഷിന്റെ ഭാര്യ. ഇവരുടെ മകന്‍ ഇവാനും മതമില്ലാതെ വളരുന്നു.

content highlights: rahim and family set example for society