കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിന് ഡല്‍ഹിയില്‍ നിന്ന് സാന്ത്വനത്തിന്റെ പ്രാണവായു എത്തുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡി.എം.സി. ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കുന്നത്. 

'പ്രാണവായു' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗുരുതര സാഹചര്യമുള്ള തീരദേശ മേഖലകളില്‍ ഇവയുടെ സേവനം സൗജന്യമായി ലഭ്യമാക്കിത്തുടങ്ങി. ട്രിപ്പിള്‍ ലോക്ഡൗണിലുള്ള മലപ്പുറവും ഇതില്‍ ഉള്‍പ്പെടും. ആദ്യഘട്ടമായി 20 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് എത്തിക്കുന്നത്. 

മേയ് 30-നാണ് കേരളത്തില്‍ വിതരണം ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്ക് ശേഷം മറ്റു മേഖലകളില്‍ വിതരണം നടക്കും. ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യ രക്ഷാധികാരിയായ സംഘടനയില്‍ കെ.ജെ. അല്‍ഫോണ്‍സ് കണ്ണന്താനം, എസ്.എം. വിജയാനന്ദ് (മുന്‍ കേരള ചീഫ് സെക്രട്ടറി ), സുബു റഹ്മാന്‍ (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, റെയില്‍വേ ബോര്‍ഡ്), ബാബു പണിക്കര്‍ (പണിക്കേഴ്‌സ് ട്രാവല്‍സ്), ഡോ: കെ. സി. ജോര്‍ജ് തുടങ്ങിയ പ്രമുഖരുമുണ്ട്. 

കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് ഡോ: സഖി ജോണിന്റെ (ജാമിയ ഹംദര്‍ദ് മെഡിക്കല്‍ കോളേജ്) നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ടെലി മെഡിസിന്‍ സേവനവും നല്‍കും. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്ന എന്‍.ജി.ഒ.യുടെ ഉള്‍പ്പടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് ഡല്‍ഹിയില്‍ പ്രാണവായു പദ്ധതി നടപ്പിലാക്കിയത്. അതാണ് കേരളത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ അതീവഗുരുതരമായ സാഹചര്യമുളള സമയത്ത് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുടെ സൗജന്യ വിതരണം രോഗികള്‍ക്ക് വലിയ  സഹായമായിരുന്നു. കോവിഡ് ബാധിതരായ പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക് ഉപകരിക്കുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ആവശ്യകതയുണ്ട്. അതേസമയം ഡല്‍ഹിയില്‍ ഉപയോഗം കുറയുകയും ചെയ്യുന്നു. ഡല്‍ഹിയിലെ മെഷീനുകള്‍ ഞായറാഴ്ച മുതല്‍ കേരളത്തില്‍ വിതരണം ചെയ്തു തുടങ്ങി. തീരദേശമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

പ്രാണവായു പദ്ധതിക്ക് നടന്‍ മമ്മൂട്ടി ആശംസ നേര്‍ന്നു.

content highlights: project pranvayu oxygen concentrators to kerala- dmc india initiative