കൊച്ചി: തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് അന്വേഷിച്ച് ആ അപരിചിതര്‍ ധനസഹായം യഥാര്‍ഥ ഉടമയുടെ അരികിലെത്തിച്ചു. പ്രധാനമന്ത്രിയുടെ ചികിത്സാ സഹായം കുടുംബം ഏറ്റുവാങ്ങുമ്പോള്‍ ഫൗജാമ്മ ഈ ഭൂമിയിലില്ല. പക്ഷേ, ഭൂമിയിലിപ്പോഴും കാരുണ്യമേറെയുണ്ടെന്ന് ആ അപരിചിതര്‍ തെളിയിച്ചു.

പ്രധാനമന്ത്രിയുടെ ചികിത്സാ സഹായത്തിന് അപേക്ഷിച്ചിരുന്ന എറണാകുളത്തെ വൃക്കരോഗിയായ യുവാവിന് കഴിഞ്ഞദിവസം രണ്ടുലക്ഷം രൂപയുടെ ചെക്ക് കിട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ചെക്കിനൊപ്പം ഫൗജാമ്മ, തത്തമംഗലം എന്ന പേരിലുള്ള 1,34,628 രൂപയുടെ മറ്റൊരു ചെക്കുമുണ്ടായിരുന്നു. ഈ ചെക്ക് മാറിപ്പോയതായിരിക്കുമെന്നു മനസ്സിലാക്കിയ യുവാവ് ഇക്കാര്യം സുഹൃത്തായ സി.പി.ഐ. വെണ്ണല ലോക്കല്‍ സെക്രട്ടറി കെ.സി. ആല്‍ബര്‍ട്ടിനെ അറിയിച്ചു. ഇരുവരും ചേര്‍ന്ന് പ്രാഥമികമായി ചില അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തങ്ങളറിയാത്ത ഏതോ ഒരു കുടുംബത്തിന് ആശ്വാസമാകേണ്ടതാണ് ഈ ചെക്കെന്ന വിശ്വാസത്തില്‍ അന്വേഷണം തുടര്‍ന്നു. കൃഷിമന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് വര്‍ഗീസിന്റെ സഹായത്തോടെ ആല്‍ബര്‍ട്ട് ഒടുവില്‍ സ്ഥലം കണ്ടെത്തി. നബിദിനത്തില്‍ ആല്‍ബര്‍ട്ടും പ്രദീപും പാലക്കാട് തത്തമംഗലത്ത് ഫൗജാമ്മയുടെ വീട്ടിലെത്തി. ചെക്ക് ഏറ്റുവാങ്ങുമ്പോള്‍, അര്‍ബുദ രോഗിയായിരുന്ന ഫൗജാമ്മയുടെ മകന്‍ ഫൈസല്‍ പറഞ്ഞു: ''ഉമ്മ കുറച്ചുദിവസം മുമ്പ് മരിച്ചുപോയി. സ്വര്‍ഗത്തിലിരുന്ന് ഉമ്മ ഇതു കാണുന്നുണ്ടാകും.''ദരിദ്ര ചുറ്റുപാടുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് ഈ ചെക്ക് വലിയ ആശ്വാസമാകുന്നതില്‍ സന്തോഷമുണ്ട്''- ആല്‍ബര്‍ട്ട് പറഞ്ഞപ്പോള്‍ നിറമിഴികളോടെ ഫൗജാമ്മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് പറഞ്ഞു: ''ദൈവം നിങ്ങളെ അനുഗ്രഹിക്കും.''

content highlights: prime minister's financial aid sent to wrong address; recipient returns it to right person