ഇരിങ്ങാലക്കുട: ആശുപത്രിക്ക് വെന്റിലേറ്റര്‍ വാങ്ങാന്‍ ഒറ്റദിവസംകൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിച്ചുനല്‍കി രൂപതയിലെ വൈദികര്‍. ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്കാണ് ഒരു വെന്റിലേറ്റര്‍ വാങ്ങാനുള്ള തുക സമാഹരിച്ചുനല്‍കിയത്.

രൂപതയുടെ കീഴിലുള്ള സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ കുറവായതിനാല്‍ അത്യാസന്നനിലയിലുള്ള രോഗികളെ ചികിത്സിക്കാന്‍ പ്രയാസമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വൈദികര്‍ മുന്നിട്ടിറങ്ങിയത്.

സാമൂഹികമാധ്യമങ്ങളിലൂടെ വൈദികക്ഷേമനിധി കൂട്ടായ്മ ആശയം പങ്കുവെക്കുകയായിരുന്നു. ഭാരവാഹികളായ മോണ്‍. ജോയ് പാലിയേക്കര, ഫാ. വിന്‍സന്റ് പാറയില്‍, ഫാ. സജി പൊന്മണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് തുകയുടെ ചെക്ക് കൈമാറി.

 മുഖ്യ വികാരി ജനറാളായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ചടങ്ങില്‍ സംബന്ധിച്ചു. രൂപതയിലൂടനീളം നടക്കുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ 'ഹൃദയ കോവിഡ് പോര്‍ട്ടല്‍' വഴി ഏകീകരിക്കാന്‍ ബിഷപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

content highlights: priests raises 10 lakh in one day to buy ventilator in irinjalakuda