ഉപ്പുതറ: ലോക്ഡൗണും പ്രതികൂല കാലാവസ്ഥയുംമൂലം പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതെ ഉള്‍വനത്തില്‍ കുടുങ്ങിയ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായവുമായി പോലീസ് ഉദ്യോഗസ്ഥരെത്തി. കണ്ണംപടി വനമേഖലയിലെ ഉള്‍ഗ്രാമമായ മേമാരി ആദിവാസിക്കുടിയിലാണ് പോലീസുകാര്‍ ഭക്ഷ്യധാന്യ-പച്ചക്കറികിറ്റുകളുമായെത്തിയത്.

കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസിലെ ഡ്രൈവര്‍ എന്‍.ആര്‍.മോഹനന്‍, സി.പി.ഒ. ജോബിന്‍ ജോസ് എന്നിവരാണ് ആദിവാസികള്‍ക്ക് സഹായമെത്തിച്ചത്. മോഹനന്റെ മകള്‍ ഡോ.അശ്വതി മോഹനനും ഇവര്‍ക്കൊപ്പം ഊരിലെത്തി. കട്ടപ്പന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോക്ടറാണ് അശ്വതി. പ്രായമായവരെയും രോഗമുള്ളവരെയും പരിശോധിച്ച് ആവശ്യമായ ചികിത്സയും ആരോഗ്യസംരക്ഷണ നിര്‍ദേശവും നല്‍കി.

കോവിഡിന്റെ ഒന്നാം വരവില്‍ മേമാരിയില്‍ ഡോ. അശ്വതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ഉള്‍ഗ്രാമമായ മേമാരികുടിയിലെ ആദിവാസികള്‍ക്ക് ആരും സഹായം എത്തിച്ചിരുന്നില്ല. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയാണ് പോലീസുകാരുടെ കൈത്താങ്ങ്. കൂടാതെ കോവിഡ് പോസിറ്റീവായ മുല്ല ആദിവാസിക്കുടിയിലെ 21 കുടുംബങ്ങള്‍ക്കും ഇവര്‍ കിറ്റുകള്‍ നല്‍കി.