പന്തക്കൽ: ഒരു കൂട്ടം അതിഥിത്തൊഴിലാളികൾ പ്ലാസ്റ്റിക് കുപ്പികൾ കൂമ്പാരമായി ശേഖരിക്കുമ്പോൾ വൃത്തിയാകുന്നത് നാട്. അസം, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ യുവാക്കളാണ് ഇങ്ങനെ കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തി ജീവിക്കാൻ വഴികണ്ടെത്തുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ ഇത്തരത്തിൽ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു. മുച്ചക്ര സൈക്കിളിലാണ് ഇവരുടെ യാത്ര. പാതയോരത്തും ഓവുചാലുകളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികൾ, കടകൾ-മദ്യശാലകൾ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്ന കുപ്പികൾ എന്നിവയെല്ലാം ചാക്കുകളിൽ നിറയ്ക്കും.

വൈകുന്നേരമാകുമ്പോഴേക്കും വലിയ പ്ലാസ്റ്റിക് ചാക്ക് നിറയെ കുപ്പികൾ കിട്ടാറുണ്ടെന്ന് സംഘം പറയുന്നു. കാലിക്കുപ്പികൾ ഒഴിവാകുന്നത് വ്യാപാരികൾക്കും അനുഗ്രഹമായതിനാൽ വില ഈടാക്കാതെയാണ് പ്ലാസ്റ്റിക് കുപ്പികൾ നൽകുക.

ഗ്രാമപ്രദേശങ്ങളിൽനിന്ന് ശേഖരിച്ച് ചാക്ക് നിറയുമ്പോൾ പട്ടണങ്ങളിലെ ആക്രിക്കടകളിലാണ് വിൽപ്പന നടത്തുക. ഒരു കിലോ കുപ്പിക്ക് 18 രൂപയോളം കിട്ടുന്നുണ്ടെന്നും ഇവർ പറയുന്നു.