കണ്ണൂർ: പിണറായി പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ആതിഥ്യത്തിന്റെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചായയും പലഹാരവും നൽകി. പുതുവർഷത്തിൽ ആരംഭിച്ച പഞ്ചായത്തിന്റെ ആഥിത്യം ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും പലഹാരവും നൽകുകയെന്ന ഭരണസമിതിയുടെ ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 'ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ' എന്നാണ് പദ്ധതിക്ക് നൽകിയ പേര്. കെട്ടിടനിർമാണ പെർമിറ്റ് ഒഴികയുള്ള സേവനങ്ങൾ പരമാവധി രണ്ട് ദിവസത്തിനകം നൽകണമെന്ന തീരുമാനം ഭരണസമിതിയെടുത്തിരുന്നു.

പലതും അതത് ദിവസം തന്നെ നൽകാനും പഞ്ചായത്ത് ശ്രദ്ധിക്കുന്നു. ഇങ്ങനെ വരുമ്പോൾ സേവനങ്ങൾക്ക് പഞ്ചായത്തിലെത്തുന്നവർ കുറച്ചുസമയം കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കാത്തിരിക്കുന്നവർക്ക് ചായയും പലഹാരവും നൽകുകയെന്ന ആശയം രൂപപ്പെട്ടതെന്ന് പ്രസിഡന്റ് കെ.കെ.രാജീവൻ പറഞ്ഞു. ഒരുദിവസം ശരാശരി 60-നും 70-നുമിടയിൽ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ഇവർക്കെല്ലാം പുതുവർഷം മുതൽ ചായയും പലഹാരവും നൽകുന്നു.

പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനും വേറിട്ട മാർഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്.

ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികം ദിവസങ്ങളിലെയോ ചായയുടെയും പലഹാരങ്ങളുടെയും ചെലവ് ബന്ധപ്പെട്ടവർ സ്പോൺസർചെയ്യുന്നു. പുതുവർഷത്തിലെ ആദ്യ ആഴ്ചയിലെ ചെലവ് വഹിച്ചത് വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.വി.വേണുഗോപാലാണ്. മകന്റെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിനായിരുന്നു ഇത്.

പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്ത് സേവനങ്ങൾ ലഭിച്ച പലരും സന്തോഷസൂചകമായി ഈ പദ്ധതിക്കായി സ്പോൺസർഷിപ്പുമായി മുന്നോട്ടുവരുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. തീർപ്പാകാത്ത ഫയലുകൾ തീർപ്പാക്കാൻ മാസംതോറും അദാലത്ത് സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

Content highlights: Pinarayi grama panchayath provide tea and snacks