കൊരട്ടി(തൃശ്ശൂര്‍): വിശക്കുന്നവനെയും വിശപ്പ് അകറ്റുന്നവരെയും ഒന്നിപ്പിക്കുന്ന ജനകീയ കൂട്ടായ്മക്ക് ശനിയാഴ്ച ഒരാണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭക്ഷണശാലകള്‍ അടച്ചിട്ടതോടെ പ്രതിസന്ധിയിലായ ദീര്‍ഘ ദൂരയാത്രക്കാരെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ടാണിത് ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് പൊതിച്ചോറ് വിതരണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊരട്ടിയില്‍ പാഥേയം സ്ഥാപിച്ചത്. വിശക്കുന്ന ആര്‍ക്കും ഷെല്‍ഫിലാക്കി വെച്ചിരിക്കുന്ന പൊതിച്ചോറുകളെടുത്ത് കഴിക്കാവുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസും ജനകീയകൂട്ടായ്മയുമാണ് ചുമതലക്കാര്‍. 11.30-ന് ആണ് പതിവായി പാഥേയത്തില്‍ ഭക്ഷണപ്പൊതികള്‍ സമര്‍പ്പിക്കുക. ഒന്നാം വാര്‍ഷികദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഹരിത വി. കുമാര്‍ പാഥേയം സന്ദര്‍ശിക്കും.

ഏകദേശം അരലക്ഷത്തോളം പേര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ ഇതിനോടകം വിതരണംചെയ്തു കഴിഞ്ഞതായി സംഘാടകരായ എസ്.എച്ച്.ഒ. ബി.കെ.അരുണ്‍, കെ.സി.ഷൈജു, സുന്ദരന്‍ പനങ്ങൂട്ടത്തില്‍ എന്നിവര്‍ പറഞ്ഞു.

കോവിഡ് രോഗികളുള്ള, പാചകത്തിന് ബുദ്ധിമുട്ട് നേരിട്ട വീടുകളില്‍ പാഥേയത്തിന്റെ നേതൃത്വത്തില്‍ നേരിട്ട് ഭക്ഷണപ്പൊതികളെത്തിച്ചിരുന്നു. വിശപ്പകറ്റുന്നവന് വിജ്ഞാനത്തിന്റെ വഴിയെന്ന പദ്ധതിയിലൂടെ പുസ്തകവിതരണവും നടത്തി. പ്രളയം ഇല്ലാതാക്കിയ തിരുത്തിപ്പറമ്പിലെ സാംസ്‌കാരികനിലയം ഗ്രന്ഥശാലയുടെ അതിജീവനത്തിന് തുടക്കമിട്ടും പാഥേയം ശ്രദ്ധേയമായി. ഓണക്കാലത്ത് ഭക്ഷണം ശേഖരിക്കാനെത്തിയവര്‍ക്ക് ഓണസദ്യയും കോടിയും കൈമാറിയിരുന്നു. മാതൃഭൂമി ബുക്‌സുമായി സഹകരിച്ചും പുസ്തകങ്ങള്‍ ശേഖരിച്ചിരുന്നു. 

വാര്‍ഷികദിനത്തില്‍ ടി.ജെ. സനീഷ് കുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മുന്‍ എം.എല്‍.എ. ബി.ഡി. ദേവസി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഭക്ഷണപ്പൊതിസമര്‍പ്പണത്തിന് എത്തും. നാട്ടിലെ കലാകാരന്മാര്‍ ചിത്രകലാസമര്‍പ്പണവും സംഘടിപ്പിച്ചിട്ടുണ്ട്.

content highlights: patheyam koottayma to provide free food for people