എലത്തൂര്‍(കോഴിക്കോട്): കൊച്ചുകുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനിടയിലുണ്ടാകുന്ന മാനസികപിരിമുറുക്കം ഇല്ലാതാക്കാനും പഠനം രസകരമാക്കാനും പാട്ടുപാടിയും കഥപറഞ്ഞും കുട്ടികള്‍ക്കൊപ്പം അധ്യാപികയും രക്ഷിതാക്കളും. 

പുതിയങ്ങാടി കെ.ടി. മുഹമ്മദ് സ്മാരക ഗവ. എല്‍.പി. സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള 'പാപ്പാത്തിക്കൂട്ടം' എന്നപേരിലുള്ള റേഡിയോ പരിപാടിയാണ് കോവിഡ് കാലത്ത് വേറിട്ടതാവുന്നത്. പരിപാടിയുടെ 50-ാമത് എപ്പിസോഡ് ശനിയാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉദ്ഘാടനം ചെയ്യും. ആകാശവാണിയിലെ വാര്‍ത്താവതാരകന്‍ അനില്‍ ചന്ദ്രന്‍ മുഖ്യാതിഥിയാവും.

നാലു ഗ്രൂപ്പുകളായിത്തിരിഞ്ഞ് റേഡിയോ അവതരണമാതൃകയിലുള്ള 49 ക്ലാസുകള്‍ ഇതിനകം പൂര്‍ത്തിയായി. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ പാട്ടും കഥകളും കോര്‍ത്തിണക്കിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 

മുന്‍കൂട്ടിനല്‍കുന്ന പാഠഭാഗങ്ങളനുസരിച്ച് തയ്യാറാക്കുന്ന പരിപാടി റേഡിയോ അവതരണമാതൃകയില്‍ ക്ലാസ്ഗ്രൂപ്പുകളിലേക്ക് അയക്കും. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ക്ലാസിലെ 23 കുട്ടികളെയും രക്ഷിതാക്കളെയും നാലുഗ്രൂപ്പുകളാക്കിത്തിരിച്ചാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എസ്.എസ്.കെ. ആവിഷ്‌കരിച്ച റേഡിയോ റെഡ് ബലൂണ്‍ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. സ്‌കൂളിലെ അധ്യാപിക എന്‍. ബിന്ദുവിന്റെ നേതൃത്വത്തിലാണ് 'പാപ്പാത്തിക്കൂട്ടത്തിന്റെ' പ്രവര്‍ത്തനം.

content highlights: pappathikkottam- initiative to make studies more enjoyable and reduce stress due to online class