കൊയിലാണ്ടി: ഭിന്നശേഷിക്കാരും കിടപ്പിലായവരുമായ അഞ്ച് കുട്ടികളുടെ വീട്ടില്‍ ലൈബ്രറി ഒരുക്കി പന്തലായനി ബി.ആര്.സി. മാതൃകയായി. അത്തോളി ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് കുട്ടികളുടെയും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് കുട്ടികളുടെയും വീട്ടിലാണ് ഒരേദിവസം ലൈബ്രറി സജ്ജീകരിച്ചത്.
100 ബാല സാഹിത്യകൃതികളും, പുസ്തകം സൂക്ഷിക്കാന്‍ അലമാരയുമാണ് നല്‍കിയത്. അത്തോളി പഞ്ചായത്തിലെ ഹയാ ഫാത്തിമ, നേഹ, അഷില്‍ എന്നീ വിദ്യാര്‍ഥികളുടെയും ചേമഞ്ചേരി പഞ്ചായത്തിലെ അരീബ് ജിസ്ദാന്, മുഹമ്മദ് ഇര്ഫാന് എന്നിവരുടെയും വീട്ടിലാണ് ഗൃഹലൈബ്രറി ഒരുക്കിയത്. ഇവരുടെ ഇഷ്ടവിനോദം വായനയാണ്. വീട്ടില്‍ കിടപ്പിലായതിനാല്‍ പുസ്തകങ്ങളാണ് പ്രധാന കൂട്ടുകാര്‍. ഇവര്‍ക്ക് അടുത്തുള്ള സ്കൂള്‍ രേഖകളില്‍ പേരുണ്ടെങ്കിലും ചലനസ്വാതന്ത്ര്യം കുറവായതിനാല്‍ സ്കൂളില്‍ പോവാന്‍ കഴിയുന്നില്ല.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം, ഓസ്റ്റിയോ പെറോസിസ് എന്നിവയാണ് ഈ കുട്ടികളെ ബാധിച്ചത്. വേളൂര്‍ ഗവ. യു.പി. സ്കൂള്‍, ഒലിവ് ഉള്ളിയേരി, അത്തോളി ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍, കാപ്പാട് ഗവ. യു.പി. സ്കൂള്‍, തിരുവങ്ങൂര്‍ യു.പി. സ്കൂള്‍, തോരായി എല്‍.പി. സ്കൂള്‍ എന്നീ സ്ഥാപനങ്ങളും ചില വ്യക്തികളുമാണ് അലമാരയും പുസ്തകങ്ങളും നല്കി പന്തലായനി ബി.ആര്.സി.യുടെ ഈ സംരംഭം വിജയിപ്പിച്ചത്.
അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് എന്നിവര്‍ ഗൃഹലൈബ്രറികള് ഉദ്ഘാടനം ചെയ്തു. പന്തലായനി ബി.പി.ഒ. എം.ജി. ബല്‍രാജ് പദ്ധതി വിശദീകരണം നടത്തി. എം.വി. വിജയന്, ടി.കെ. ഉണ്ണികൃഷ്ണന്, കെ.കെ. അബ്ദുള്ള, എ.ആര്. ഷമീര്‍, ആര്.കെ. ഇസ്മയില്‍, ടി. ബവിത, ഇ.സി. ഹബീത, പി.പി. റംല, ഋഷി സുകുമാര്‍, ടി.കെ. റഷീദ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തേ ഏഴ് കുട്ടികളുടെ വീട്ടില്‍ ബി.ആര്.സി. ലൈബ്രറി ഒരുക്കിയിരുന്നു.
content highlights: Panthalayani brc creates Home library for five bed ridden and differently abled children