പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്കെത്താതെ അര്‍ഹമായ ആനുകൂല്യം നഷ്ടപ്പെട്ടവരുടെ കണക്കെടുക്കയാണെങ്കില് അത് എണ്ണിത്തിട്ടപ്പെടുത്താന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും
കോഴിക്കോട്: അത്യാധുനിക ഇഞ്ചിയും മഞ്ഞളും മുതല്‍ തനിനാടന്‍ ചേനവരെ ഇതിലുണ്ട്. നാടോടിക്കാറ്റിലെ ദാസനും വിജയനും പവനായിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിത്ത് വിതരണം ട്രോളിലൂടെ പുറത്ത് വന്നപ്പോള്‍ അത് കേവലം തമാശ മാത്രമായില്ല. വികസന പ്രവര്‍ത്തന ആശയ വിനിമയത്തിന്റെ പുതിയൊരു മാതൃകയായും മാറി.
അരുണ്‍ കുമാര്‍
സമസ്ത മേഖലയിലും ട്രോളുകള്‍ കൈയടക്കിയതോടെയാണ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് മെമ്പര്‍ കെ.എസ് അരുണ്‍കുമാര്‍ വികസനമാതൃകയിലും ട്രോള്‍ പോസ്റ്റുകള്‍ എന്ന ചിന്തയിലേക്കെത്തിയത്. തുടര്‍ന്ന് ഓരോ പദ്ധതികളും ട്രോളിലൂടെ പുറത്ത് വന്നതോടെ ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചു.
നിങ്ങളുടെ പഞ്ചായത്തില്‍ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് എത്രപേര്‍ അറിഞ്ഞുകാണും. അതുമല്ലെങ്കില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണം, തെങ്ങിന് തൈകള്‍ക്കും വാഴക്കന്നുകള്ക്കുമുള്ള അപേക്ഷ. ഇങ്ങനെ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്കെത്താതെ അര്‍ഹമായ ആനുകൂല്യം നഷ്ടപ്പെട്ടവരുടെ കണക്കെടുക്കയാണെങ്കില് അത് എണ്ണിത്തിട്ടപ്പെടുത്താന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ഈയൊരു സാഹചര്യത്തിലാണ് താന്‍ ട്രോളുകളെ പരീക്ഷിക്കാന്‍ തുടങ്ങിയതെന്ന് അരുണ്‍കുമാര്‍ പറയുന്നു.
ഗ്രാമസഭകളിലടക്കം പലപ്പോഴും മുതിര്‍ന്നവര്‍ മാത്രമാണ് എത്തുന്നത്. യുവാക്കളൊന്നും ആ ഭാഗത്തേക്ക് പോലും വരുന്നില്ല. അതുകൊണ്ട് തന്നെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരുണ്‍കുമാര്‍ ട്രോളുകളിലേക്ക് തിരിഞ്ഞത്.
വികസന പദ്ധതികള്‍ ട്രോളുകളിലൂടെ ജനങ്ങളിലെക്കെത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര് പദ്ധതിയെ കുറിച്ച് അന്വേഷിച്ച് വരാനും ആനുകൂല്യങ്ങള്‍ ലഭിക്കുമോ എന്ന് ശ്രമിക്കുയും ചെയ്യുന്നുണ്ട്. ഇതുവരെ ഏകദേശം 20 ഓളം ട്രോളുകാണ് ഇത് സംബന്ധിച്ച് അരുണ്‍കുമാര്‍ ഇറക്കി കഴിഞ്ഞത്. 2018-2019 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഇത് കൂടുതല്‍ സജീവമാക്കാനാണ് പദ്ധതിയെന്നും അരുണ്‍ പറയുന്നു.
കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കക്കാടംപൊയിലിലെ താമസക്കാരനാണ് അരുണ്‍കുമാര്‍. ഫെയ്സ്ബുക്കില്‍ സജീവമാണെങ്കിലും പുതിയ ആശയ വിനിമയ സംവിധാനവുമായി മുന്നോട്ട് പോവാന്‍ തുടങ്ങിയതോടെയാണ് അരുണ്‍കുമാര്‍ ശ്രദ്ധേയനായത്. വികസന പ്രവര്‍ത്തനങ്ങളാണ് ട്രോള്‍ വിഷയം എന്നിരിക്കെ അരുണിന്റെ പുതിയ ട്രോളുകള്‍ക്കായി കാത്തിരിക്കുകയാണ് കൂടരഞ്ഞിയിലെ നാട്ടുകാര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..