ചെര്‍പ്പുളശ്ശേരി(പാലക്കാട്): കൊച്ചുനാളില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച തൃക്കടീരി പൂതക്കാട് ഗ്രാമത്തിലെ തെറ്റിലിങ്ങല്‍ വീട്ടില്‍ വൈഷ്ണവിക്ക് പൂതക്കാട് അല്‍ ബദര്‍ മഹല്ല് കമ്മിറ്റിയുടെയും ജനകീയക്കൂട്ടായ്മയുടെയും സഹകരണത്തോടെ ബന്ധുവീട്ടില്‍ മാംഗല്യം.
തൃശ്ശൂര്‍ ജില്ലയിലെ മായന്നൂര്‍ സ്വദേശിയും ആശാരിപ്പണിക്കാരനുമായ ഉണ്ണിക്കൃഷ്ണനാണ് ഞായറാഴ്ച നിലവിളക്കിന് മുന്നില്‍ വൈഷ്ണവിയെ താലിയണിയിച്ച് ജീവിതസഖിയാക്കിയത്.
മുറ്റത്തുണ്ടാക്കിയ ചെറുപന്തലില്‍ നടന്ന താലിപൂജയ്ക്കും വിവാഹച്ചടങ്ങുകള്‍ക്കും ജാലമന കിഷോര്‍ എമ്പ്രാന്തിരി കാര്‍മികനായി. കൊറോണക്കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
പൂതക്കാട് മഹല്ല് രക്ഷാധികാരി ജമാലുദ്ദീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി. കുട്ടിക്കൃഷ്ണന്‍ കണ്‍വീനറും സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ റഫീഖ് ഖജാന്‍ജിയുമായ സമിതിയാണ് മാംഗല്യത്തിന് ഒരുക്കങ്ങള്‍ നടത്തിയത്. വിവാഹത്തിനുള്ള ആഭരണം, വസ്ത്രം, ഭക്ഷണം തുടങ്ങിയവയില്‍ നാട്ടുകാരുടെ പങ്കാളിത്തവുമുണ്ടായി.
ഏപ്രില്‍ അഞ്ചിന് വിവാഹം നിശ്ചയിച്ചെങ്കിലും പ്രതികൂലസാഹചര്യങ്ങളാലാണ് മേയ് പത്തിലേക്ക് മാറ്റിയത്. മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദര്‍ ഹാജി, മൊയ്തീന്‍ ഹാജി, കുഞ്ഞുമൊയ്തു ഹാജി, റസാഖ് അല്‍ഹസനി, മുഹമ്മദ് കുട്ടി എന്നിവര്‍ ചെര്‍പ്പുളശ്ശേരി എസ്.ഐ. സി.ടി. ബാബുരാജിന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ വധൂവരന്മാര്‍ക്ക് കൈമാറി. ടി. കുട്ടിക്കൃഷ്ണന്‍, സൈതലവി, മുഹമ്മദ് റഫീഖ്, ഇര്‍ഷാദ് ഉസൈന്‍, പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ വിവാഹവേദിയില്‍വെച്ച് എസ്.ഐ. സി.ടി. ബാബുരാജിന് കൈമാറി.
content highlights: palakkad native vaishnavi marriage