മമ്പാട്(മലപ്പുറം):  ഉടമസ്ഥന്‍ മൃഗാശുപത്രിയില്‍ ഉപേക്ഷിച്ച നായ ഇനി പുതിയവീട്ടിലേക്ക്. രണ്ടുദിവസം പരിചരിച്ച ജീവനക്കാരെ നോക്കി വാലാട്ടി നന്ദികാട്ടി അവന്‍ പുതിയ ഉടമസ്ഥനൊപ്പംപോയി.

അമരമ്പലം ചേലോട് മണ്ണാത്തിപ്പൊയില്‍ തിയ്യത്ത് മുണ്ടയ്ക്കല്‍ ജയേഷാണ് ഇതിനെ ഏറ്റെടുത്തത്. നന്നായി പരിചരിക്കാമെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ജയേഷ് ഏറ്റെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് മമ്പാട് മൃഗാശുപത്രിയുടെ പരിചരണമുറിയുടെ വരാന്തയില്‍ വളര്‍ത്തുനായയെ കെട്ടിയിട്ട് ഉടമ മുങ്ങിയത്.

ശനിയാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് നായയെ കെട്ടിയിട്ടനിലയില്‍ കണ്ടത്. ചികിത്സനല്‍കാനായി കെട്ടിയിട്ട് ഉടമ പോയതാകുമെന്നും വൈകീട്ടോടെ എത്തുമെന്നും ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

ദേഹത്ത് വലിയ രണ്ട് മുറിവുകളുള്ള നായയ്ക്ക് വെറ്ററിനറി സര്‍ജന്‍ ഡോ. സി. സൂരജിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചികിത്സയും ഭക്ഷണവും നല്‍കിവരികയായിരുന്നു.

തുടര്‍പരിചരണത്തിന് സന്നദ്ധതയുള്ളവര്‍ ബന്ധപ്പെടണമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകണ്ടാണ് ജയേഷ് എത്തിയത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ആണ്‍ നായയാണിത്. ഇതേ ഇനത്തില്‍പ്പെട്ട പെണ്‍ നായയും ജയേഷിന്റെ വീട്ടിലുണ്ട്.

content highlights: owner abandons injured dog at veterinary hospital, jayesh takes custody of the dog