മാന്നാർ: രണ്ടുവയസുമുതൽ ബാലികാഭവനിൽ വളർന്ന എലിസബത്ത് (24), ബേസിൽ ഫിലിപ്പിന്റെ ജീവിതസഖിയായി. ഇന്റർ ഡിനോമിനേഷണൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ മാന്നാർ സെയ്‌ന്റ് ജോർജ് ബാലികാഭവനിലെ അന്തേവാസിയായ എലിസബത്തിന്റെയും ഇടുക്കി രാജകുമാരി കുറ്റിപ്പുഴയിൽ ബേസിൽ ഫിലിപ്പിന്റെ വിവാഹം എക്യുമെനിക്കൽ ദേവാലയത്തിൽ നടന്നു.

അനാഥയായ എലിസബത്തിനെ  22 വർഷം മുമ്പാണ് മാന്നാർ ഐ.ഡി.സി.എഫ്. പ്രസിഡന്റ് ദൈവദാസൻ ബാബു ഉപദേശിയും സിസ്റ്റർ റെജി ഡാനിയേലും ചേർന്ന് ഏറ്റെടുത്തത്. അന്ന് രണ്ടുവയസ്സായിരുന്നു എലിസബത്തിനു പ്രായം. ബി.എ.വരെ പഠിക്കുകയും തയ്യൽ, കംപ്യൂട്ടർ എന്നിവയും പരിജ്ഞാനം നേടുകയും ചെയ്ത എലിസബത്തിന് ബാബു ഉപദേശിയാണ് വരനെ കണ്ടെത്തിയത്.

ഫാ. സാം ഏബ്രഹാം, ഫാ, മാത്യു തോക്കുപാറ, ഫാ. ഡോ. കെ.പി. ജേക്കബ്, ഫാ, വർഗീസ് വാലയിൽ എന്നിവരാണ് വിവാഹത്തിനു കാർമികത്വം വഹിച്ചത്. വിവാഹത്തിനു സാക്ഷികളായി ബാബു ഉപദേശി, സിസ്റ്റർ റെജി ഡാനിയേൽ, സി.കെ. തോമസ്, മാന്നാർ ഗ്രാമപ്പഞ്ചായത്തംഗം പി.എൻ. ശെൽവരാജൻ, പൊതുപ്രവർത്തകൻ അനിവർഗീസ്, ഷാജി ശങ്കുപറമ്പിൽ എന്നിവർ ആശംസയർപ്പിച്ചു.

ഓർഫനേജ് അസോസിയേഷൻ പ്രസിഡന്റ് സുലൈമാൻ കുഞ്ഞും ഇവർക്കും മംഗളപത്രവും സമർപ്പിച്ചു. അധ്യാപകും സഹപാഠികളടക്കം നിരവധി പേർ ദമ്പതികൾക്ക് ആശംസയർപ്പിക്കാനെത്തിയിരുന്നു.

content highlights: Orphan girl marriage