ചെറുതുരുത്തി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ നട്ടംതിരിയുന്ന സുഹൈലിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടിയുടെ സഹായം. ജന്മനാ കാഴ്ചശക്തിയില്ലാത്ത ദേശമംഗലം പള്ളത്ത് ചുട്ടപറമ്പില്‍ വീട്ടില്‍ സുഹൈലിനാണ് ഒരുലക്ഷം രൂപയുടെ സഹായം ലഭിച്ചത്. 'സുവര്‍ണം സുകൃതം' പദ്ധതിയിലൂടെ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് പണം കൈമാറിയത്.
പാലക്കാട്ട് നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോഴാണ് സുഹൈല്‍ ഉമ്മന്‍ചാണ്ടിയെ പരിചയപ്പെട്ടത്. കോവിഡ് കാലത്ത് പ്രതിസന്ധി വന്നപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയോട് സഹായം തേടി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജൂലായില്‍ ഒരുമാസത്തേക്കുള്ള അരിയും ഭക്ഷണസാധനങ്ങളും സുഹൈലിന്റെ വീട്ടിലെത്തിച്ചു. ജോലി നഷ്ടമായതും ദേശമംഗലം സര്‍വീസ് സഹകരണബാങ്കിലെ വായ്പ തിരിച്ചടയ്ക്കാനാവാത്തതും സുഹൈല്‍ വിവരിച്ചിരുന്നു. ബാങ്കിലെ കടം വീട്ടാന്‍ ആവുന്നവിധം സഹായിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം വന്നതിനെത്തുടര്‍ന്നാണ് തുക എത്തിച്ചത്. മൂന്ന് ലക്ഷം രൂപകൂടി ലഭിച്ചാല്‍ മാത്രമേ വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കാന്‍ കഴിയൂ.
സുഹൈലിന്റെ ഭാര്യ സല്‍മയ്ക്കും അനിയത്തി അജ്നയ്ക്കും കഴ്ചശക്തിയില്ല. മക്കളായ നുസൈബ, ഉമ്മുഹബീബ, പിതാവ് സെയ്തലവി, മാതാവ് ഖദീജ, അനിയന്‍ അസ്ലം എന്നിവരും ഈ വീട്ടിലാണ് ഉള്ളത്. ഷൊര്‍ണൂര്‍ റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഗീത എബ്രഹാം, സന്ധ്യ മന്നത്ത്, എബ്രഹാം, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ഐ. ഷാനവസ്, പ്രേമന്‍, ഹംസ ആറ്റുപുറം, അലി പോത്താംപറമ്പില്‍, സെയ്തലവി പാറക്കല്‍, അസിമോന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി സഹായം കൈമാറി.
content highlights: oommen chandy's assistance reached, now suhail can repay loan