നെടുങ്കണ്ടം: ഒരു ചിത്രകാരന് തന്റെ കൺമുന്നിൽ കാണുന്നതെന്തും പുതിയൊരു കലാസൃഷ്ടിക്കുള്ള ഉപകരണങ്ങളാണ്. അത് പേനയോ, പെൻസിലോ, ചായങ്ങളോ, വർണക്കടലാസോ മാത്രമായി പരിമിതപ്പെടുത്താൻ ടുട്ടുമോനെന്ന നിശാന്തിന് ഇഷ്ടമില്ല. 32423 സ്‌ക്രൂ ആണികൾ ഉപയോഗിച്ച് നിശാന്ത് നടത്തിയ പരീക്ഷണത്തിനൊടുവിൽ തെളിഞ്ഞത് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ മനോഹര ചിത്രം. നാലടി വീതിയും നാലടി ഉയരുമുള്ള ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരവും കിട്ടി. ചൊവ്വാഴ്ച ചിത്രം കാണാൻ തൂക്കുപാലത്തെ വീട്ടിലെത്തുന്ന ജില്ലാ കളക്ടർ ഷീബ ജോർജ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് നിശാന്തിന് നൽകും.

ഓരോ പ്രതിസന്ധിയെയും നിശ്ചയദാർഢ്യത്തോടെ നേരിട്ട അനുഭവമാണ് നിശാന്തിന് പറയാനുള്ളത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് 2014 ഫെബ്രുവരി 10-ന് കുമളിയിൽവെച്ചുണ്ടായ അപകടത്തിൽ അരക്ക് താഴേയ്ക്കുള്ള സ്വാധീനം നഷ്ടപ്പെട്ടു. ബഹുനില കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് താഴേക്കുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ദീർഘനാളത്തെ ചികിത്സകൾക്കുശേഷം ജീവിതം വീൽചെയറിന്റെ സഹായത്തോടെയായി. എന്നാൽ അവിടിരുന്ന് സമയം കളയാൻ മനസ്സുണ്ടായില്ല. ജന്മവാസനയായി ലഭിച്ച ചിത്രകലയെ പരിപോഷിപ്പിക്കാനും ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച് തന്റേതായ കൈയ്യൊപ്പ് ചാർത്താനും നിശാന്തിനായി. ഒരു ഇലക്ട്രിക് സ്‌ക്രൂ ഡ്രിൽ ഉപയോഗിച്ച് 144 മണിക്കൂറുകൊണ്ടാണ് സുരേഷ് ഗോപിയുടെ ചിത്രം പൂർത്തിയാക്കിയത്.

ആദ്യകാഴ്ചയിൽ കറുപ്പും വെളുപ്പും ചായം ഉപയോഗിച്ച് വരച്ച സുരേഷ് ഗോപി ചിത്രം എന്നാണ് തോന്നുക. ചിത്രത്തിന് 100 കിലോയോളം ഭാരം ഉണ്ട്. സ്‌ക്രൂ ക്യാൻവാസിൽ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവുംവലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചത്. കഴിഞ്ഞദിവസം സുരേഷ് ഗോപി എം.പി. ഫോണിൽ വിളിച്ച് അഭിനന്ദനവുമറിയിച്ചു.

മുച്ചക്രവാഹനത്തിൽ ലോട്ടറി വിൽപ്പനയും സ്വന്തമായുള്ള മാടക്കടയിലെ കച്ചവടവുമാണ് വരുമാനമാർഗം. അച്ഛൻ അച്ചൻകുഞ്ഞ്, അമ്മ ഇന്ദിര, സഹോദരങ്ങളായ നീനു, നിമിഷ എന്നവരും പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Nishanth make suresh gopi face using 32423 screw