മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ ദണ്ഡുകൊമ്പ് ഗോത്രവർഗ കോളനിയിലെ ശരവണനും ഭാര്യ രാജക്ഷ്മിക്കും ഇപ്പോൾ യഥാർഥ ‘ഈശ്വരൻ’ സമീപവാസിയായ ഈശ്വരനെന്ന 41-കാരനാണ്. ജന്മനാ കാഴ്ചയില്ലാത്ത ഇവരുടെ നാലു വയസ്സുകാരനായ മകൻ സന്ദീപ് കൃഷ്ണയെ നിറങ്ങളുടെ ലോകത്തെത്തിക്കാൻ കൂടെ നിന്നത് പേരിലും, പ്രവർത്തിയിലും ഇവരുടെ ദൈവമായി മാറിയ ഈശ്വരനാണ്. ഇനി രക്ഷയില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ കൈയൊഴിഞ്ഞെങ്കിലും പ്രതീക്ഷയും ആത്മവിശ്വാസവും നൽകി ഈശ്വരൻ നടത്തിയ പരിശ്രമമാണ് സന്ദീപിന് കാഴ്ചയുടെ ലോകത്തേക്ക് വഴിയൊരുക്കിയത്.

ശരവണന്റെയും ലക്ഷ്മിയുടെയും മൂത്ത മകൻ സന്ദീപ് കൃഷ്ണയ്ക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ചശക്തിയില്ലായിരുന്നു. സമീപവാസിയും പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള ഗോത്രജീവിക സംഘം പ്രസിഡന്റുമായ ഈശ്വരൻ മറയൂർ ട്രൈബൽ ഓഫീസർ വി.സുരേഷ് കുമാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നു. ഇതോടെ ആശുപത്രിയിൽ പോകാമെന്ന് അധികൃതർ അറിയിച്ചു. സാധാരണയായി ആശുപത്രിയിൽ പോകാൻ താത്പര്യം കാണിക്കാത്തവരാണ് ഗോത്രവർഗ കോളനിയിലുള്ളവർ. എന്നാൽ, ഇവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ചുമതല ഈശ്വരൻ ഏറ്റെടുത്തു. പട്ടികവർഗവകുപ്പ് ഒരുക്കിയ വാഹനത്തിൽ ഈശ്വരന്റെ നേതൃത്വത്തിൽ തന്നെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തി. ശസ്ത്രക്രിയ നടത്തിയാലും കാഴ്ചശക്തി കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.

നിരാശരായി മടങ്ങിയെങ്കിലും വിട്ടുകൊടുക്കാൻ ഈശ്വരൻ തയ്യാറല്ലായിരുന്നു. കോയമ്പത്തൂർ അമൃത മെഡിക്കൽ കോളേജിൽ ചെന്ന് കുട്ടിക്ക് ഒരു പരിശോധന കൂടി നടത്തി. ശസ്ത്രക്രിയ നടത്താമെന്ന അവരുടെ അറിയിപ്പ് പ്രതീക്ഷയായി. പക്ഷേ, ഒരുലക്ഷം രൂപ ചെലവഴിക്കണം. പാവപ്പെട്ട കുടുംബത്തിന് അതിന് മറ്റു വഴികളൊന്നുമില്ല. എന്നാൽ, എന്ത് ബുദ്ധിമുട്ടിയാണെങ്കിലും താൻ ശസ്ത്രക്രിയ നടത്തിക്കൊള്ളാമെന്ന വാഗ്ദാനവുമായി ഈശ്വരൻ ആത്മവിശ്വാസം പകർന്നു.

കൂലിപ്പണിയെടുത്ത് കൂട്ടിവെച്ചതും കടം വാങ്ങിയതുമെല്ലാം ചേർത്ത് ശസ്ത്രക്രിയയ്ക്ക് പണമൊരുക്കി. മാർച്ച് 24-ന് ഒരു കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ശ്രമം വിജയമായി, കാഴ്ചശക്തി ലഭിച്ചു. മാർച്ച് 29-ന് നടത്തിയ രണ്ടാമത്തെ കണ്ണിന്റെ ശസ്ത്രക്രിയയും വിജയകരമായി. മക്കളില്ലാത്ത തനിക്ക് സന്ദീപ് സ്വന്തം മകനെപ്പോലെയാണെന്ന് ഈശ്വരൻ പറയുന്നു. അതിനിടെ മറ്റൊരു സന്തോഷവാർത്ത കൂടി ഈശ്വരനെ തേടിയെത്തി. അദ്ദേഹത്തിന് ചികിത്സയ്ക്ക് ചെലവായ തുക തിരിച്ചുനല്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മറയൂർ ട്രൈബൽ ഓഫീസർ വി.സുരേഷ് കുമാർ അറിയിച്ചു. ഇതിനുള്ള അപേക്ഷകൾ മേലധികാരികൾക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

Content Highlights: neighbour Ishwaran helps a four-year-old boy regain his sight