വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്‍. അദ്ദേഹം, വായനയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാന്‍ നടത്തിവന്നിരുന്ന തെരുവോര ലൈബ്രറി അഞ്ചുമാസം മുന്‍പ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. പുസ്തകങ്ങള്‍ വെണ്ണീറായി. എന്നാല്‍, അദ്ദേഹം ചെയ്തുവന്ന പ്രവൃത്തിയുടെ ഫലമെന്നോളം ഭൂഖണ്ഡങ്ങള്‍ കടന്നുപോലും പുസ്തകങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയാണ്. മൈസൂരുവിലെ രാജീവ് നഗര്‍ സ്വദേശിയായ സെയ്ദ് ഇസാഖ് എന്നയാളാണ് ഈ കഥയിലെ നായകന്‍. 63-കാരനായ സെയ്ദ് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തെരുവോരത്ത് ലൈബ്രറി നടത്തിവരികയായിരുന്നു. 11,000-ത്തോളം പുസ്തകങ്ങളായിരുന്നു സെയ്ദിന്റെ പക്കലുണ്ടായിരുന്നത്. 

മൈസുരൂ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(എം.യു.ഡി.എ.)യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണ് സെയ്ദ് ലൈബ്രറി നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ദുരൂഹസാഹചര്യത്തില്‍ പുസ്തകശേഖരത്തിന് തീപിടിക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ സെയ്ദിന് പുതിയ ലൈബ്രറി ആരംഭിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ കടല്‍കടന്നുപോലും എത്തുകയായിയിരുന്നു. യു.എസ്.എ., കാനഡ, ഇംഗ്ലണ്ട്, ദുബായ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ അങ്ങനെ വിവിധഭാഗങ്ങളില്‍നിന്നായി എട്ടായിരത്തോളം പുസ്തകങ്ങള്‍ സെയ്ദിന് ഇതിനോടകം ലഭിച്ചുകഴിഞ്ഞു.

സെയ്ദിന്റെ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നിടം ഇപ്പോള്‍ ചപ്പുചവറുകള്‍ നിറഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതൊന്നും സെയ്ദിന്റെ നിശ്ചയദാര്‍ഢ്യത്തെ ബാധിക്കുന്നതേയില്ല. എന്നും രാവിലെ ഏഴുമണിയോടെ സെയ്ദ് ഇവിടേക്ക് വരും. വെറും കയ്യോടെയല്ല വരവ്. വിവിധ ഭാഷകളിലുള്ള 22-ഓളം പത്രങ്ങളും കുറച്ചു പുസ്തകങ്ങളും കാണും. ഈ താല്‍ക്കാലിക സംവിധാനത്തിലേക്കും നിരവധിപ്പേര്‍ എത്താറുണ്ട്. അവര്‍ വന്നിരുന്നു വായിച്ചുമടങ്ങും. പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് വായനക്കാരില്‍ പ്രധാനികള്‍. വൈകുന്നേരം ഏഴുമണിയോടെ സെയ്ദ് ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

പുസ്തകങ്ങള്‍ ലഭിച്ചുവെങ്കിലും അവ വെക്കാന്‍ ഇടമില്ല എന്നതാണ് സെയ്ദിന്റെ ദുഃഖം. ഏറ്റവും ഒടുവില്‍ ലൈബ്രറി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍, ദേശീയ ഗ്രന്ഥശാലാ ദിനമായ ഓഗസ്റ്റ് 12-ന് ലൈബ്രറിക്ക് ശിലാസ്ഥാപനം നടത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി സെയ്ദ് പറയുന്നു. എന്നാല്‍ പിന്നെ ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ 15x20  അടി വീട്ടില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതുവരെ ലഭിച്ച പുസ്തകങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ വിശ്വസ്തരെ ഏല്‍പിച്ചിരിക്കുകയാണ്. 750-ഓളം പുസ്തകങ്ങള്‍ സെയ്ദ് വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ മഴയ്ക്കു പിന്നാലെ പ്രളയം വന്നതോടെ അവയൊക്കെ മാറ്റേണ്ടിവരികയായിരുന്നു.

മൈസുരൂ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ചെയര്‍മാന്‍ മുസാഫര്‍ ആസാദി ക്രൗഡ് ഫണ്ടിങ് വഴി സെയ്ദിന് പുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നു. ഇതിനകം അയ്യായിരത്തോളം പുസ്തകങ്ങള്‍ ലഭിച്ചതായും ഇപ്പോഴും പുസ്തകങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു ഇന്‍ഫോസിസിലെ കുറച്ച് ടെക്കികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ സെയ്ദിന് കെട്ടിടം നിര്‍മിക്കാന്‍ നഗര അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി വേണ്ടെന്നുവെച്ചതിനു പിന്നാലെ ഈ തുക, അത് സംഭാവന ചെയ്തവര്‍ക്കു തന്നെ തിരികെ നല്‍കിയെന്നും മുസാഫര്‍ ആസാദി പറഞ്ഞു.

മൈസുരൂ സിറ്റി കോര്‍പറേഷനും(എം.സി.സി.) ലൈബ്രറി വകുപ്പും സംയുക്തമായി കെട്ടിട നിര്‍മാണ ചിലവ് വഹിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് പബ്ലിക് ലൈബ്രറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. മഞ്ജുനാഥ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പ്രതികരിച്ചു. എന്നാല്‍, പിന്നീട് എം.സി.സി. കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും സ്ഥലംമാറിപ്പോയി. ഭൂമി കൈമാറിയ നിലയ്ക്ക് സാമ്പത്തിക സഹായം നല്‍കാനാവില്ലെന്ന് മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. തങ്ങള്‍ ധനസഹായത്തിന് ആശ്രയിക്കുന്നത് എം.സി.സിയേയാണ്. കെട്ടിടനിര്‍മാണത്തിന് 30-35 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഉപകരണങ്ങളുടെ കാര്യം ലൈബ്രറി വകുപ്പ് നോക്കിക്കൊള്ളും- മഞ്ജുനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തെ കുറിച്ച് തനിക്ക് വിവരമൊന്നും അറിയില്ലെന്ന് എം.സി.സി. കമ്മിഷണര്‍ ലക്ഷ്മികാന്ത് റെഡ്ഡി പ്രതികരിച്ചു. 

കടപ്പാട്: indianexpress.com

 

content highlights: mysuru man's library burnt down, now he recieves books across from globe