ഹോട്ടലില്‍ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിച്ചയാള്‍ക്ക് ''തല്‍ക്കാലത്തേക്ക് ഒരു ചങ്ങാതിയെ'' സമ്മാനിച്ച് ഹോട്ടല്‍ജീവനക്കാര്‍. മുംബൈയിലെ ബാന്ദ്രാ കുര്‍ള കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് തനിച്ച് ഭക്ഷണം കഴിക്കാനെത്തിയ പ്രണവ് മല്യ എന്നയാള്‍ക്ക് തല്‍ക്കാലത്തേക്ക് ഒരു  "ചങ്ങാതി"യെ നല്‍കിയത്.

ഒരു സ്വര്‍ണമല്‍സ്യത്തെ ചില്ലുഭരണിയിലാക്കി പ്രണവിന്റെ മേശയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കൊണ്ടുവയ്ക്കുകയായിരുന്നു. തനിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ പ്രണവിന് ഉണ്ടായേക്കാവുന്ന മുഷിപ്പ് ഒഴിവാക്കാനാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇങ്ങനെ ചെയ്തത്.

ഹോട്ടല്‍ ജീവനക്കാരുടെ ആതിഥേയമര്യാദ ഇഷ്ടമായ പ്രണവ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിച്ച തനിക്ക്, കൂട്ടായി ഒരു സ്വര്‍ണമല്‍സ്യത്തെ തന്ന ഹോട്ടല്‍ജീവനക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ചുള്ള പ്രണവിന്റെ ട്വീറ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. ഇന്റല്‍ ഇന്ത്യ ജീവനക്കാരനാണ് പ്രണവ്.  

ഹോട്ടല്‍ ജീവനക്കാരുടെ നല്ലമനസിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍, ഇതാദ്യമായാണ് ഇത്തരമൊരു അനുഭവം തനിക്കുണ്ടായതെന്നും പ്രണവ് പറയുന്നു. ഹോട്ടല്‍ ജീവനക്കാര്‍ സമ്മാനിച്ച ചങ്ങാതിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. 

content highlights: mumbai hotel's sweet gesture towards customer wins hearts