കാസർകോട്: ചങ്ങലപ്പൂട്ടിൽ ദുരിതജീവിതം നയിക്കുന്ന മുഹമ്മദ് സക്കീറിനും ഉമ്മ നബീസയ്ക്കും ചികിത്സ ഒരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. മാനസികവെല്ലുവിളി നേരിടുന്ന ഇരുവർക്കും സംരക്ഷണം ഒരുക്കുന്നതും പരിഗണനയിലുണ്ട്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കാസർകോട് ചെർക്കള ബി.കെ. പാറയിലെ 28-കാരൻ സക്കീറിന്റെയും ഉമ്മ നബീസയുടെയും ജീവിതത്തെക്കുറിച്ച് വ്യാഴാഴ്ച ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. ഇത് കൂടാതെ സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും കുടുംബത്തിന് സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തി. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്‌ ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയയും സംഘവും വീട് സന്ദർശിച്ചു.