തേഞ്ഞിപ്പലം: അര്‍ബുദരോഗികള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ അഴകാര്‍ന്ന മുടിയിഴകള്‍ മുറിച്ചു സമ്മാനിച്ച് അമ്മയും മകളും. തേഞ്ഞിപ്പലം ചൊവ്വയില്‍ ശിവക്ഷേത്രത്തിന് സമീപം ' ജയ' യില്‍ താമസിക്കുന്ന തേഞ്ഞിപ്പലം എ.യു.പി. സ്കൂളിലെ അധ്യാപിക ജയസുധയും മകള്‍ ഗായത്രിയുമാണ് പിറന്നാള്‍ മധുരം ഇങ്ങനെ പങ്കിട്ടത്.
തൃശ്ശൂര്‍ പുറനാട്ടുകര സംസ്കൃത കോളേജിലെ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥിനിയായ ഗായത്രിയുടെ പത്തൊന്‍പതാം പിറന്നാളായിരുന്നു ഞായറാഴ്ച. പിറന്നാള്‍ദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് മുടി അര്‍ബുദ ബാധിതര്‍ക്ക് സംഭാവന ചെയ്യുന്നതിന്റെ സാധ്യതയറിഞ്ഞത്.
ഇതിനായി തൃശ്ശൂരിലെ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്ബാങ്കുമായി ബന്ധപ്പെട്ടു. മകളുടെ തീരുമാനത്തിന് പിന്തുണയുമായി അമ്മയും മുടി നല്കി.
തിങ്കളാഴ്ച ഹെയര്‍ബാങ്ക് അധികൃതര്‍ വീട്ടിലെത്തി മുടി ശേഖരിച്ചു. വെളിമുക്ക് എ.യു.പി. സ്കൂള്‍ അധ്യാപകനായ ഗോപിനാഥാണ് ഗായത്രിയുടെ അച്ഛന്. ജ്യേഷ്ഠന് അഖില്‍നാഥ് ആവള എ.യു.പി. സ്കൂളില്‍ അധ്യാപകനാണ്.
content highlights: mother and daughter donates hair to cancer patients on formers birthday