മേരികുളം : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം തങ്ങളുടെ സ്കൂളിലെ വിദ്യാർഥിയുടെ പിതാവിന്റെ കാൻസർ ചികിത്സാ സഹായനിധിയിലേക്കു നൽകി കുരുന്നുകൾ മാതൃകയായി.

മേരികുളം എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി കീർത്തിക്കും, സഹോദരൻ രണ്ടാം ക്ലാസുകാരനായ കാർത്തിക്കുമാണ് തങ്ങളുടെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ ശേഖരം ചികിത്സാ നിധിയിലേക്ക് നൽകിയത്.

ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ആര്യനന്ദയുടെ പിതാവായ രതീഷിന്റെ കാൻസർ ചികിത്സാ സഹായനിധിയിലേക്കാണ് ഇരുവരും തങ്ങളുടെ സമ്പാദ്യം നൽകിയത്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രതീഷിനുവേണ്ടി ചികിത്സാസഹായം തേടുന്ന വിവരം വാട്സാപ് ഗ്രൂപ്പുവഴിയാണ് കുട്ടികൾ അറിഞ്ഞത്.

മാതാപിതാക്കൾ പലപ്പോഴായി നൽകുന്ന പണം സൈക്കിൾ വാങ്ങാനായി ഇവർ സ്വരൂപിച്ചിരുന്നു. സഹായാഭ്യർത്ഥന അറിഞ്ഞതോടെ ഈ തുക ചികിത്സാസഹായ നിധിയിലേക്ക് നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

വിവരം അറിഞ്ഞ മാതാപിതാക്കളും മക്കളുടെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. മാതാപിതാക്കൾക്ക് ഒപ്പം വ്യാഴാഴ്ച സ്കൂളിലെത്തിയ കാർത്തിക് സമ്പാദ്യപ്പെട്ടി പ്രഥമാധ്യാപിക ബിന്ദു സെബാസ്റ്റ്യനെ ഏൽപ്പിച്ചു. പെട്ടിയിൽ എത്ര സമ്പാദ്യമുണ്ടന്ന് ആർക്കുമറിയില്ല. പെട്ടി അതേപടി രതീഷിന് എത്തിച്ചുനൽകാനാണ് അധികൃതരുടെ തീരുമാനം. മറ്റുള്ളവരെ സഹായിക്കാനുള്ള കുഞ്ഞു മനസ്സുകളെ മേരികുളം യു.പി. മുൻ ചിത്രകല അധ്യാപകൻ എം.ഒ. മത്തായി അഭിനന്ദിച്ചു. കൂടാതെ കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകുമെന്നും അദ്ദേഹമറിയിച്ചു. ഹെലിബറിയയിൽ കൂലിപ്പണിക്കാരായ ഗണേശന്റെയും, സീതാലക്ഷ്മിയുടെയും മക്കളാണ് ഇരുവരും.

Content Highlights: Money raised to buy bicycles goes to medical aid fund kids set a model