ചേര്‍ത്തല: മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല, മരണാനന്തരച്ചടങ്ങുകള്‍ ഒഴിവാക്കി അതിനുള്ള തുക കൊണ്ട് ഭക്ഷ്യകിറ്റുകള്‍ തയ്യാറാക്കി കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്ത് ഒരു വയലാര്‍ മാതൃക. അന്തരിച്ച വയലാര്‍ ഒന്നാം വാര്‍ഡ് ഒളതല ഡി.ബാഹുലേയന്റെ (76) കുടുംബമാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വെളിച്ചമായത്. ഓഗസ്റ്റ് രണ്ടിനാണ് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ചേര്‍ത്തല യൂണിയന്‍ മുന്‍ പ്രസിഡന്റ് ബാഹുലേയന്‍ മരിച്ചത്.
സമീപത്തെ കോളനിയില്‍ രോഗവ്യാപനം കണ്ടെത്തിയതിനാല്‍ ഒട്ടേറെ കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്. ഉപജീവനമാര്‍ഗം തേടി പോകാനാകാത്തതിനാല്‍ പലരും ബുദ്ധിമുട്ടിലും. ഇതു മനസ്സിലാക്കിയാണ് ബാഹുലേയന്റെ കുടുംബം ഇടപെട്ടത്.
ചടങ്ങുകള്‍ ഒഴിവാക്കിയ തുക നിരീക്ഷണത്തില്‍ കഴിയുന്ന 22 കുടുംബങ്ങള്‍ക്ക് കിറ്റുകളായി നല്‍കി. പന്ത്രണ്ടു തരം ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ ബാഹുലേയന്റെ ഭാര്യ ഓമന പൊതുപ്രവര്‍ത്തകര്‍ക്ക് നല്‍കി. പൊതുപ്രവര്‍ത്തകരായ ഷൈന്‍, രാഹുല്‍, സിബിച്ചന്‍, ശിവന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ആദ്യകാല നാടകപ്രസ്ഥാനങ്ങള്‍ക്കൊപ്പം രംഗപടമൊരുക്കി പ്രവര്‍ത്തിച്ചിരുന്ന ബാഹുലേയന്‍ പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചിരുന്നു. മക്കളായ ലിനിയും ലിജിത്തും അജിത്തും കൊത്തുപണി, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ ചെയ്യുന്നു. മരണാനന്തരച്ചടങ്ങുകളെന്നാല്‍ സഹജീവികളെ സഹായിക്കുകയെന്നതാണെന്ന് അച്ഛന്‍ പഠിപ്പിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്ന് മക്കള്‍ പറഞ്ഞു.
content highlights: Money meant for funeral rituals was given to buy food kit for people in observation during covid