റാന്നി: ആംബുലൻസ് ഡ്രൈവർക്ക് നഷ്ടപ്പെട്ട പണവും ലൈസൻസുമടങ്ങിയ പെഴ്‌സ് തിരികെ കിട്ടിയത്‌ ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടലിലൂടെ. പഴ്‌സ് നഷ്ടപ്പെട്ട വിവരം പഞ്ചായത്തംഗം വാട്‌സാപ്പിലൂടെ സന്ദേശമയച്ചതിനെ തുടർന്നാണ് കിട്ടിയ ആൾ ഇത് വേഗത്തിൽ കൈമാറിയത്. മന്ദമരുതിയിലെ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പഴവങ്ങാടി പുന്നയ്ക്കാട്ട് തടത്തിൽ സുനിൽ തോമസിന്റെ പഴ്‌സാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പഴ്‌സ് നഷ്ടമായത്. ഒരുയാത്ര പോയി തിരികെ ആശുപത്രിയിലെത്തിയപ്പോഴാണ് പഴ്‌സ് നഷ്ടമായ വിവരമറിയുന്നത്. പലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യം പഴവങ്ങാടി ഗ്രാമപ്പഞ്ചായത്തംഗം ബിജി വർഗീസിനെ അറിയിച്ചു. മെമ്പർ വിവിധ വാട്‌സാപ്പ് കൂട്ടായ്മകളിൽ സന്ദേശം നൽകി. ഈട്ടിചുവട് തേവർവേലിൽ ടി.ഇ.ചാക്കോയ്ക്കാണ് പൂഴിക്കുന്ന് റോഡിൽ കിടന്ന് പെഴ്‌സ് കിട്ടിയത്. ആളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് പഞ്ചായത്തംഗത്തിന്റെ സന്ദേശം കണ്ടത്‌. തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ ചാക്കോ സുനിലിന് പെഴ്‌സ് കൈമാറി.