പത്തനംതിട്ട: 40 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍നിന്നുള്ള കുട്ടിയുടെ കരച്ചില്‍ കേട്ടുനില്‍ക്കാന്‍ തൊഴിലാളിയായ അമറിനായില്ല. പിന്നെ ഒന്നും ചിന്തിച്ചില്ല. പകുതിയിലേറെ വെള്ളംനിറഞ്ഞ കിണറ്റിലേക്ക് ബംഗാള്‍സ്വദേശി എടുത്തുചാടി.

ഇരുട്ടുവീണു തുടങ്ങിയ കിണറിന്റെ അടിത്തട്ടില്‍ മുങ്ങിത്താഴുന്ന എട്ടുവയസ്സുകാരന്റെ കൈകള്‍ കണ്ടു. വെള്ളത്തില്‍ കിടന്ന് അമര്‍ ആ കുഞ്ഞുകൈകളെ തന്നിലേക്ക് വലിച്ചടിപ്പിച്ചു. വശത്തേക്ക് നീന്തി അരികുപറ്റി. കുട്ടിയെ നെഞ്ചോട് ചേര്‍ത്തു.

വെള്ളം പമ്പുചെയ്യാനായി കിണറ്റിലേക്കിറക്കിയിരുന്ന ഹോസില്‍ പിടിച്ചുകിടന്നു. നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍പിടിച്ച് കുട്ടിയുമായി കയറാന്‍ നോക്കിയെങ്കിലും കയര്‍ പൊട്ടി. വീണ്ടും വെള്ളത്തിലേക്ക് വീണു. അപ്പോഴും കുട്ടിയെ കൈയ്യില്‍നിന്ന് വിട്ടില്ല. പിന്നീട് അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും കരയ്‌ക്കെത്തിച്ചു.

ഞായറാഴ്ച സന്ധ്യയ്ക്കായിരുന്നു പത്തനംതിട്ടയെ ആശങ്കയിലാക്കിയ അപകടമുണ്ടായത്. നഗരത്തില്‍ കടമ്മനിട്ട റോഡില്‍ വൈദ്യുതി ഓഫീസിനടുത്ത് പുതിയ വീട് നിര്‍മിക്കുന്നിടത്തെത്തിയതായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശികള്‍.

അച്ഛനും അമ്മയും എട്ടുവയസ്സുള്ള കുട്ടിയും രണ്ട് ബന്ധുക്കളുമാണുണ്ടായിരുന്നത്. ഏഴേകാലോടെ ഇവര്‍ മടങ്ങുന്നതിനിടെ മൂടിയില്ലാത്ത പുതിയ കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

എല്ലാവരും നിസ്സഹായരായിനിന്ന് കരയുന്നതിനിടെയാണ് വീടുപണിക്കെത്തിയ അമര്‍ കിണറ്റിലേക്ക് ചാടിയതും കുട്ടിയെ രക്ഷിച്ചതും. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പത്തനംതിട്ടയിലെ അഗ്‌നിരക്ഷാസേനാ സംഘം ഏറെ പണിപ്പെട്ടാണ് ഇരുവരേയും കരയ്‌ക്കെത്തിച്ചത്.

ഫയര്‍മാന്‍ രഞ്ജിത് കിണറ്റിലിറങ്ങി കുട്ടിയെയും തൊഴിലാളിയേയും വലയ്ക്കുള്ളില്‍ കയറ്റി. കുട്ടിക്ക് പരിക്കൊന്നുമുണ്ടായില്ല. അമറിന് കാലില്‍ ചെറിയ മുറിവുണ്ടായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

content highlights: migrant labour rescues eight year old child from well in pathanamthitta