വരന്തരപ്പിള്ളി: പ്രളയം കിടപ്പാടം തകര്‍ത്ത വേലൂപ്പാടം പൗണ്ട് മലയന്‍ വീട്ടില്‍ ഭവാനിക്ക് പോലീസുകാര്‍ തണലായി.
വീടു തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ അനുവദിച്ചെന്ന പഞ്ചായത്തിന്റെ ഉറപ്പില്‍ പഴയ വീട് പൂര്‍ണമായും പൊളിച്ചുനീക്കി. ഇതിനിടയിലായിരുന്നു ഭര്‍ത്താവിന്റെ മരണം. മക്കളില്ലാത്ത ഭവാനിക്ക് സഹായത്തിന് മറ്റാരുമില്ലാത്ത സ്ഥിതിയായിരുന്നു.
സര്‍ക്കാര്‍ സഹായമായ 1,25,000 രൂപ അക്കൗണ്ടിലെത്തിയതോടെ പുതിയ വീടിന്റെ കരാര്‍ ഏല്പിച്ചു. പണിയും തുടങ്ങി. എന്നാല്‍ ബാക്കി തുക ഭവാനിക്ക് ലഭിച്ചില്ല. അന്വേഷിച്ചപ്പോള്‍ പഞ്ചായത്തും വില്ലേജും കൈയൊഴിയുകയായിരുന്നു.
ഭവാനിയുടെ ദുരവസ്ഥയെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പോലീസുകാരുടെ ജീവകാരുണ്യ സംഘടനയായ 'മേഴ്സി കോപ്സ്' ഭവാനിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീടുപണി പൂര്‍ത്തിയാക്കാനാവശ്യമായ 4,20,000 രൂപ നല്കാന് പോലീസുകാര്‍ സന്നദ്ധതയറിയിച്ചു.
മഴക്കാലം ശക്തിപ്രാപിക്കും മുമ്പ് വീടുപണി പൂര്‍ത്തിയാക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീട്. തുടര്‍ന്നുള്ള ഒരുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച നടന്നു. റിട്ട. ഡിവൈ.എസ്.പി. പി.എം. സുബ്രഹ്മണ്യന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഴ്സി കോപ്സ് ചെയര്മാന് സുനില്‍കുമാര്‍ അധ്യക്ഷനായി. സുകുമാരന്‍ പാലപ്പിള്ളി, സുരേഷ് ചെമ്മനാടന്‍, സിയാവുദ്ദീന് പെരുവാന്കുഴി, വരന്തരപ്പിള്ളി പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രിയന്, പുഷ്പ കൃഷ്ണന്‍കുട്ടി, എസ്.ഐ. ഐ.സി. ചിത്തരഞ്ജന് എന്നിവര്‍ പങ്കെടുത്തു.
Content Highlights: mercy cops thrissur