നെയ്യാറ്റിന്‍കര: കുട്ടികള്‍ക്ക് പ്രയാസം നേരിടുന്ന ഗണിതം എളുപ്പമാക്കാനായി അമ്മമാരുടെ ഒത്തുചേരല്‍. ഗണിതശേഷി പഠനോപകരണങ്ങള്‍ ഉപയോഗിച്ച് കുട്ടികളിലെത്തിക്കാനുള്ള പഠനോപകരണ നിര്‍മാണ ശില്പശാലയാണ് അക്ഷരഭാവിക്കുള്ള അമ്മമാരുടെ കൂട്ടായ്മയായി മാറിയത്.

പാറശ്ശാല ബി.ആര്‍.സി.യാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സംഖ്യാബോധം ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാര്‍ഡുകള്‍, അടിസ്ഥാന ഗണിതശേഷികള്‍, സംഖ്യാ വ്യാഖ്യാനം, സംഖ്യാ വിശകലനം, സ്ഥാനവില എന്നിവ ലക്ഷ്യമാക്കിയുള്ള ഉപകരണങ്ങള്‍, കളിനോട്ടുകള്‍, ഗുണനക്രിയകള്‍ സ്വായത്തമാക്കാനുള്ള വളഗണിത സാമഗ്രികള്‍ എന്നിവ രക്ഷിതാക്കള്‍ സംഘം ചേര്‍ന്ന് നിര്‍മിച്ചു. ഫോം ബോര്‍ഡുകള്‍, സണ്‍പാക്ക് ഷീറ്റുകള്‍, മുത്തുകള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പഠനോപകരണങ്ങള്‍ നിര്‍മിച്ചത്.

പാറശ്ശാല ഗവ.എല്‍.പിഎസ്., സാമുവല്‍ എല്‍.എം.എസ്.എല്‍.പി.എസ്., ക്ഷേത്രനട എല്‍.പി.എസ്., തമിഴ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ നാല്പതോളം രക്ഷിതാക്കള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റുമാരായ ജിഗിന്‍ കുമാര്‍, ആര്‍.ഷീജ, മാതൃസംഗമം ഭാരവാഹികളായ ആര്‍.സുജാത, സി.ഗ്ലാരജോണ്‍ എന്നിവരും പങ്കെടുത്തു.

കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ സഹായത്തോടൊപ്പം ബഹുമുഖ ബുദ്ധിവികാസ സാധ്യതകള്‍ ഉറപ്പിക്കാനും കൂടിച്ചേരല്‍ സഹായിച്ചെന്ന് ശില്പശാലയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മയ്ക്ക് ബി.ആര്‍.സി. പരിശീലകന്‍ എ.എസ്.മന്‍സൂര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ റാം സുജിന്‍, ഡി.എസ്.ബീജ, വീണ ബി. നായര്‍, സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.

content highlights: mathematics workshop for mothers