മറയൂര്‍: പതിറ്റാണ്ടുകളായി തരിശായി കിടന്ന സര്‍ക്കാര്‍ ഭൂമിയില്‍ പച്ചക്കറി കൃഷിയിലൂടെ നൂറുമേനി കൊയ്ത് രാജീവ്‌നഗറിലെ സ്ത്രീകള്‍ മാതൃകയാകുന്നു. തരിശുനിലത്ത് വിളഞ്ഞ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവം മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

മറയൂര്‍ പഞ്ചായത്ത് ആയുര്‍വേദാശുപത്രിയുടെ രണ്ട് ഏക്കര്‍ സ്ഥലം പതിറ്റാണ്ടുകളായി തരിശായി കിടക്കുകയായിരുന്നു. സമീപമുള്ള ബാബുനഗര്‍, രാജീവ്‌നഗര്‍ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളുടെ മാലിന്യം തള്ളല്‍ കേന്ദ്രം കൂടിയായിരുന്നു ഈ സ്ഥലം.

ഗ്രാമസഭകളില്‍വെച്ച് പഞ്ചായത്ത് അധികൃതര്‍ പല തവണ ഈ സ്ഥലം കൃഷിചെയ്യുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിട്ടു നല്കാമെന്നറിയിച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. സ്ഥലത്ത് കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം ഇല്ലാത്തതിനാലായിരുന്നു ഇത്.

തുടര്‍ന്ന് രാജീവ് നഗറിലെ രാഗമാലിക, മിത്രം എന്നീ കുടുംബശ്രീ യൂണിറ്റിലെ നാലുപേര്‍ ചേര്‍ന്ന് സ്ഥലം കൃഷിക്കായി ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുവന്നു. ബിന്ദു മുരുകേശന്‍, സത്യാ പഴനിസാമി, ജീവാ രാജു, സുബ്ബലക്ഷ്മി കാശി എന്നിവര്‍ നേരിട്ട് കൃഷിയിറക്കി. മറയൂര്‍ പഞ്ചായത്തും കൃഷിഭവന്‍ അധികൃതരും സഹായവുമായി രംഗത്തും വന്നു.

ഇവിടെനിന്ന് മാലിന്യം നീക്കുന്നതായിരുന്നു ഏറെ ശ്രമകരം. രണ്ട് ഗ്രാമങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന ടാങ്കുകളില്‍നിന്ന് പാഴായി പോകുന്ന വെള്ളം ശേഖരിച്ച് മുന്നൂറ് മീറ്റര്‍ താഴെയുള്ള കൃഷിയിടത്തില്‍ പടുതാക്കുളം നിര്‍മിച്ച് ശേഖരിച്ചാണ് ജലസേചന സൗകര്യം ഒരുക്കിയത്. നിലമൊരുക്കി ബീന്‍സ്, ചീര, പാവല്‍, കാരറ്റ്, മല്ലി, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, കൂര്‍ക്ക എന്നിവയുടെ വിത്തുകള്‍ ആദിവാസി ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച് നട്ടു. ചാണകം മാത്രം വളമായി ഉപയോഗിച്ചു. കൃഷിഭവനില്‍നിന്ന് ഡോളാമെറ്റും ലഭിച്ചു.

ആശങ്കയോടുകൂടിയാണ് കൃഷിയിറക്കിയതെങ്കിലും മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാലുപേരും. വിളവെടുത്ത മുഴുവന്‍ പച്ചക്കറിക്കും ന്യായവില നല്കി മറയൂര്‍ സഹകരണ ബാങ്കിന്റെ കീഴിലുള്ള മാപ്‌കോ കമ്പനി സംഭരിച്ചു. തുടര്‍ച്ചയായി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ പെണ്‍ കൂട്ടായ്മ. വിളവെടുപ്പ് ഉത്സവത്തില്‍ പഞ്ചായത്തംഗം കെ.എല്‍.ബാലകൃഷ്ണന്‍, കമ്പനി അധികൃതരായ സെല്‍വിന്‍, ആരോഗ്യം എന്നിവരും പങ്കെടുത്തു.