കോട്ടയം: വെള്ളമിറങ്ങിയപ്പോള്‍ ഒരുനായ ചത്ത് ചീര്‍ത്ത് കിടന്നിരുന്നു. ആരോ ചോദിച്ചു. ചേന്നാ ഇത് നിന്റെ പട്ടിയാണോ?ആ കണ്ടിട്ട് തോന്നുന്നില്ല.-ചേന്നന്‍ മറുപടി പറഞ്ഞു-(തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥ).

2018 ആഗസ്റ്റ് 16-ന് ഇതേപോലെ വെള്ളം പൊങ്ങിയപ്പോള്‍ ചേന്നനെപ്പോലെ പെരുമാറാന്‍ വിനുവിന് കഴിഞ്ഞില്ല. കണ്ടും അടുത്ത് ഉരുമ്മിയും നിന്നിരുന്ന നായ വെള്ളത്തിലൂടെ പോകുന്നത് കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. മീനച്ചിലാറ്റിലേക്ക് ചാടി നായയെ കൈക്കുള്ളിലാക്കി കരയിലേക്ക് എത്തിച്ചു. നീലിമംഗലത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട ചിന്നുവെന്ന നായ ഇപ്പോഴും സ്‌നേഹത്തോടെ അവര്‍ക്കൊപ്പം കഴിയുന്നു. ഒരുവര്‍ഷത്തിനിപ്പുറവും.

വീട്ടില്‍ വെള്ളം കയറിപ്പോള്‍ നായയെ ഉപേക്ഷിച്ച് പോയവനാണ് തകഴിയുടെ കഥയിലെ നായകന്‍ ചേന്നന്‍. വെള്ളമിറങ്ങിക്കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ നായ ചത്ത് കിടക്കുകയായിരുന്നു. 

സമാനമായ ദുരന്തം നീലിമംഗലത്തും ഉണ്ടാകേണ്ടതായിരുന്നു. ചിന്നു വെള്ളം പൊങ്ങിയപ്പോള്‍ മീനച്ചിലാറ്റില്‍ പെട്ടുപോയി. കരയിലൂടെനടന്ന അവള്‍ പുഴയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടുപോകുകയായിരുന്നു. കരയില്‍നിന്ന് അതുകണ്ട വിനു പുഴയിലേക്ക് ചാടി അവളെ രക്ഷിച്ചു.

വര്‍ഷങ്ങളായി നീലിമംഗലത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട സുഹൃത്താണ് ചിന്നു. നഗരസഭ വന്ധ്യംകരണത്തിന് വിധേയയാക്കി ഇവിടെത്തന്നെ എത്തിച്ചുകൊടുത്തു. സാധാരണ തെരുവുനായ്ക്കളില്‍നിന്ന് വ്യത്യസ്തമായി എല്ലാ പ്രതിരോധ കുത്തിവെയ്പ്പുകളും എടുത്തിട്ടുണ്ട് ഇവള്‍ക്ക്.

content highlights: man rescues dog from flood