കൊല്ലം: ഇസ്ലാംമതത്തില്‍ വധുവിന് വരന്‍ നല്‍കുന്ന സമ്മാനമാണ് മഹര്‍. പൊതുവേ സ്വര്‍ണ്ണം വസ്ത്രം എന്നിവയാണ് മഹറായി നല്‍കാറുള്ളത്.
എന്നാല്‍ കൊല്ലം ചടയമംഗലത്തുള്ള അജ്ന നസീം പുതുമണവാളനോട് ആവശ്യപ്പെട്ടത് പുസ്തകങ്ങളായിരുന്നു.
ഒന്നും രണ്ടുമല്ല,നൂറു പുസ്തകങ്ങള്‍ മഹര്‍ നല്‍കി വധുവിന്റെ വായനാലോകത്തെ വിശാലമാക്കി  വരന്‍ ഇജാസ് ഹക്കിം.

എന്തൊക്കെ പുസ്തകങ്ങളാണ് വേണ്ടതെന്ന  ചോദ്യത്തിന് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു അജ്നയുടെ ആദ്യ ഉത്തരം. മതത്തിന്റെ പേരില്‍ പൗരന്‍മാരെ രണ്ടായി കാണുന്ന കാലത്ത്, ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് എത്രയും വേഗത്തില്‍ വായിച്ചു മനസ്സിലാക്കേണ്ടത് 130 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന തന്നെയെന്ന് അധ്യാപികയാവാന്‍ പഠിക്കുന്ന അജ്ന ഉറച്ചുവിശ്വസിക്കുന്നു.  ഖുറാനും ബൈബിളും ഭഗവദ് ഗീതയും ഉള്‍പ്പെടെ നൂറു പുസ്തകങ്ങളാണ് നിക്കാഹിന്റെ അന്ന് അജ്നയ്ക്കായി  ഇജാസ് ഒരുക്കി വെച്ചത്.

മഹറായി പുസ്തകം നല്‍കുന്നു എന്നത് ആദ്യം ഉള്‍ക്കൊള്ളാന്‍ ബന്ധുമിത്രങ്ങളില്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷെ അധ്യാപകരായ രക്ഷിതാക്കള്‍ പുസ്തകത്തോളം വലിയ സമ്മാനമില്ല എന്ന് ആശീര്‍വദിച്ച് തങ്ങള്‍ക്കൊപ്പം നിന്നു എന്ന് അജ്നയും ഇജാസും പറയുന്നു. സത്രീധനത്തിന്റെയും ആര്‍ഭാട വിവാഹങ്ങളുടെയും കുത്തൊഴുക്കില്‍ അതിനേക്കാള്‍  തിളക്കം  അക്ഷര വെളിച്ചത്തിനാണെന്ന് ഇവര്‍ ലോകത്തിന് കാണിച്ചു കൊടുക്കുന്നു.

Content Highlight: Man gives 100 books including Constitution as mahar to bride