വൃന്ദാവനം(റാന്നി): വീട്ടിലൊരു സന്തോഷമുണ്ടായാല്‍ നാട്ടിലത് ആഘോഷമാക്കാന്‍ മാര്‍ഗങ്ങള്‍ പലതാണ്. കൊറ്റനാട് കോനാലില്‍ ബിനോജ് ഇങ്ങനെയൊരു മുഹൂര്‍ത്തം ആഘോഷിച്ചത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ്. മകന് മെറിറ്റില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ച സന്തോഷത്തില്‍ ബിനോജ് തന്റെ പഴയ സഹപാഠിക്ക് വീട് വെയ്ക്കാന്‍ സ്ഥലം നല്‍കിയാണ് ആ സന്തോഷം പങ്കുവെച്ചത്.

മറ്റുള്ളവരെ സഹായിക്കാന്‍ ഏറെ പരിശ്രമിക്കുന്ന ഈ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന് മകന്റെ അഡ്മിഷനേക്കാള്‍ ആഹ്‌ളാദമായിരുന്നു സ്ഥലത്തിന്റെ ആധാരം പ്രിയങ്കരനായ സുഹൃത്തിന് നല്‍കിയപ്പോള്‍.

ഒന്നിച്ചുപഠിച്ച കൊറ്റനാട് ചുട്ടിപ്പാറയില്‍ സി.കെ.രാജുവിനാണ് മൂന്ന് സെന്റ് സ്ഥലം ബിനോജ് നല്‍കിയത്. ശനിയാഴ്ച ഭൂമിയുടെ ആധാരം കൈമാറി. കൊറ്റനാട് എസ്.സി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണിരുവരും ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചത്. ആ ചങ്ങാത്തം ഇന്നും തുടരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു രാജു. ഒരു കാലിന് അല്‍പം സ്വാധീനക്കുറവുമുണ്ട്. എങ്കിലും അധ്വാനിച്ചാണ് കുടുംബത്തെ പോറ്റുന്നത്.

സഹോദരന്റെ സഹായത്താല്‍ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്നതാണ് വരുമാനം. അച്ഛന്റെ കുടുംബവീടിനോടുചേര്‍ന്ന് നിര്‍മിച്ച ചെറിയ ഒരുകൂരയിലാണ് ഈ കുടുംബം താമസിച്ചുവന്നത്.

രാജുവിന് റോഡരികില്‍ വീട് വെയ്ക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്നത് ബിനോജിന്റെ വലിയ ആഗ്രഹമായിരുന്നു. മകന്‍ വിന്നി കോശി ബിനോജിന് എം.ബി.ബി.എസിന് മെറിറ്റില്‍ പ്രവേശനം ലഭിച്ചപ്പോള്‍ അത് യാഥാര്‍ഥ്യമാക്കി. മഠത്തുംചാല്‍ ജങ്ഷന് സമീപം റാന്നി റോഡിന് സമീപമാണ് ഭൂമി നല്‍കിയത്. മറ്റുള്ളവരെ സഹായിക്കുന്നതിലാണ് ഈ 48-കാരന്‍ ആനന്ദം കാണുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

2018-ലെ പ്രളയകാലത്ത് ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകളും വസ്ത്രങ്ങളും മറ്റുമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ വിതരണം ചെയ്തത്.

വൃന്ദാവനം സേവ് ഔവര്‍ സൊസൈറ്റി സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായ ബിനോജ് വിദ്യാഭ്യാസ സഹായമടക്കം നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. സംഘടനയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൈമാറിയ ഭൂമിയില്‍ രാജുവിന് ഒരുവീട് നിര്‍മിച്ചുനല്‍കണമെന്നാണ് ബിനോജിന്റെ ഇപ്പോഴത്തെ ആഗ്രഹം.

content highlights: man donates land to friend as his son got admission for mbbs