തിരൂര്‍(മലപ്പുറം): മകളുടെ നിക്കാഹിനുള്ള ചെലവുചുരുക്കി കുന്നത്തുപറമ്പില്‍ അസീസ് സമ്മാനിച്ചത് ഒറ്റമുറിച്ചായ്പില്‍ പത്തുവര്‍ഷമായി വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി ഭൂമി. 

അഞ്ചരലക്ഷം രൂപ മുടക്കി രണ്ടുസെന്റ് സ്ഥലമാണ് അങ്കണവാടിക്ക് നല്‍കുന്നത്. ആര്‍ഭാടവിവാഹങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പൊടിക്കുന്നവര്‍ക്ക് തിരൂര്‍ മാവുംകുന്നു സ്വദേശി അസീസ് നല്‍കുന്ന ലളിതമായ മാതൃകയായി അതുമാറി.

ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് മകളുടെ വിവാഹം ആഘോഷമായി നടത്താനായിരുന്നു ആദ്യം തീരുമാനം. പിന്നീട് അസീസിന്റെ മനസ്സുമാറി. തിരൂര്‍ നഗരസഭയിലെ പതിനേഴാം വാര്‍ഡിലെ അങ്കണവാടിക്ക് സ്ഥലം വാങ്ങിനല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. 

പത്തുവര്‍ഷത്തോളമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി. കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ ഉടമ ആവശ്യപ്പെടുന്നുമുണ്ട്. വാങ്ങിയ സ്ഥലം നഗരസഭാ സെക്രട്ടറിയുടെ പേരില്‍ റജിസ്റ്റര്‍ചെയ്തുകൊടുത്തു.

സ്ഥലമുടയുമായുള്ള കരാര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. അബ്ദുള്ളക്കുട്ടിക്ക് കൈമാറി. അസീസിന്റെ പിതാവ് പരേതനായ കുഞ്ഞിമൊയ്തീന്‍ എന്ന ബാവഹാജിയുടെ പേര് ഈ അങ്കണവാടിക്കെട്ടിടത്തിന് നല്‍കും. 

സദ്പ്രവൃത്തി ചെയ്ത സന്തോഷാന്തരീക്ഷത്തില്‍ അസീസിന്റെയും സക്കീനയുടെയും മകള്‍ മര്‍വ ഷെറിനും പൊന്മുണ്ടം നെന്നാഞ്ചേരി ഹുസൈനിന്റെയും സുലൈഖയുടെയും മകന്‍ ആഷിക്കും തമ്മിലുള്ള നിക്കാഹ് ലളിതമായ ചടങ്ങില്‍ കഴിഞ്ഞു.

content highlights: man buys land with money saved for daughter's marriage and donates to build anganwadi