കടുപ്പശ്ശേരി(തൃശ്ശൂര്‍): മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണംകൊണ്ട് മറ്റൊരു കുടുംബത്തിനു വീടുനിര്‍മിച്ച് നല്‍കി കടുപ്പശ്ശേരി സ്വദേശി. ചിറ്റിലപ്പിള്ളി കോക്കാട്ട് ജോയിയാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മകള്‍ ഫെബയുടെ വിവാഹാഘോഷങ്ങള്‍ക്ക് മാറ്റി വെച്ചിരുന്ന തുകകൊണ്ട് ഒരു കുടുംബത്തിന് വീട് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വീടിന്റെ തറക്കല്ലിടല്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് നിര്‍വ്വഹിച്ചത്. വെഞ്ചിരിപ്പ് കര്‍മ്മം ഫാ.വില്‍സണ്‍ കോക്കാട്ട് നിര്‍വ്വഹിച്ചു. താക്കോല്‍ ദാനം ജോയിയുടെ പിതാവ് പൗലോസ് കോക്കാട്ട് നിര്‍വഹിച്ചു.

ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ജോയ്, വേളൂക്കര പഞ്ചായത്ത് അംഗം ഷീബ നാരായണന്‍, വേളൂക്കര മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍, പ്രൊഫ.കെ.എം.വര്‍ഗ്ഗീസ്, ഡേവിസ് ഇടപ്പിള്ളി, ജോയ് കോക്കാട്ട്, ദേവസ്സിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കടുപ്പശ്ശേരി സ്വദേശി ദേവസിക്കുട്ടിയുടെ കുടുംബത്തിനാണ് വീട് നല്‍കിയത്.