തവനൂര്‍(മലപ്പുറം): മഹിളാമന്ദിരത്തിന്റെ തിരുമുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തില്‍ പ്രസീതയ്ക്ക് മനംപോലെ മംഗല്യം. തനിച്ചുജീവിച്ച നാളുകളെ ഓര്‍മകളിലേക്കൊതുക്കി പ്രസീത പുതുജീവിതത്തിലേക്കു പ്രവേശിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.ടി. ജലീല്‍ എം.എല്‍.എ.യും ചേര്‍ന്ന് അവളെ വരന്റെ കൈകളിലേല്‍പ്പിച്ചപ്പോള്‍ ആ മംഗളകര്‍മത്തിന് ഒരു നാടുമുഴുവന്‍ സാക്ഷിയായി.

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്കാണ് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മഹിളാമന്ദിരത്തില്‍ കതിര്‍മണ്ഡപമൊരുങ്ങിയത്. ഞായറാഴ്ച പുറത്തൂര്‍ മാട്ടുമ്മല്‍വീട്ടില്‍ മഹേഷാണ് പ്രസീതയെ വിവാഹം കഴിച്ച് ജീവിതയാത്രയില്‍ ഒപ്പംകൂട്ടിയത്. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.ടി. ജലീല്‍ എം.എല്‍.എ.യും ചേര്‍ന്നാണ് പ്രസീതയെ മഹേഷിന്റെ കൈകളിലേല്‍പ്പിച്ചത്.

കാക്കഞ്ചേരിയില്‍ ജനിച്ചുവളര്‍ന്ന പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യ കേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സര്‍ക്കാര്‍ തണലിലേക്കു മാറേണ്ടിവന്നത്. വലുതായപ്പോള്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്കു മാറി. അവിടെനിന്ന് കഴിഞ്ഞമാസമാണ് തവനൂരിലെ മഹിളാമന്ദിരത്തിലെത്തിയത്.

മഹിളാമന്ദിരത്തില്‍നിന്ന് സുമംഗലികളാകുന്നവരില്‍ പത്താമത്തെയാളാണ് പ്രസീത. ഉദാരമതികളുടെ സഹായത്തോടെ പത്തുപവനോളം ആഭരണങ്ങള്‍ അണിഞ്ഞാണ് വധു കതിര്‍മണ്ഡപത്തിലെത്തിയത്. വിവാഹസഹായമായി സര്‍ക്കാര്‍ നല്‍കുന്ന ഒരുലക്ഷം രൂപ പ്രസീതയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാന്റെ വകയായിരുന്നു വിവാഹസദ്യ.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എ.എ. ഷറഫുദ്ദീന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, മഹിളാമന്ദിരം സൂപ്രണ്ട് എന്‍.ടി. സൈനബ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

content highlights: mahilamandiram inmate praseetha wedding