തിരുവനന്തപുരം: രണ്ടുവര്‍ഷം മുന്‍പ് കാഴ്ചയില്ലാത്ത കുഞ്ഞുമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ടതായിരുന്നു മഹാരാഷ്ട്ര സ്വദേശിനി സംഗീത. എങ്ങോട്ടെന്നറിയാതെ ജീവിതവഴിയില്‍ ഒറ്റപ്പെട്ടുപോയ സംഗീത, സങ്കടകാലം കടന്ന് വ്യാഴാഴ്ച പുതുജീവിതപാതയിലേക്ക് നിറഞ്ഞ ചിരിയോടെ കടന്നു. മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ പന്തലില്‍ വെട്ടുകാട് സ്വദേശിയായ ഗ്രെയ്സണ്‍ ആന്റണി സംഗീതയുടെ കൈപിടിച്ചു.

വ്യഴാഴ്ച രാവിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആശംസകളുമായി മഹിളാമന്ദിരത്തിലെ താമസക്കാര്‍ ചുറ്റും. രണ്ടുവര്‍ഷം മുന്‍പ് ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റിന്റെ ഉത്തരവുപ്രകാരമാണ് സംഗീത മഹിളാമന്ദിരത്തിലെത്തിയത്. ഇവിടെനിന്ന് വിവാഹം കഴിക്കാന്‍ താത്പര്യപ്പെട്ടിരുന്ന ഗ്രെയ്സണ്‍ ആന്റണി സംഗീതയെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും സമ്മതപത്രം എഴുതി നല്‍കി.

വിവാഹപൂര്‍വ കൗണ്‍സിലിങ്ങും വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ അനുമതിയും ലഭ്യമായപ്പോള്‍ വിവാഹത്തീയതി നിശ്ചയിച്ചു. വിവാഹച്ചടങ്ങുകളില്‍ വനിതാ ശിശുക്ഷേമ ഓഫീസര്‍ സബീനാ ബീഗം, മഹിളാ മന്ദിരം സൂപ്രണ്ട് റംലാബി, കൗണ്‍സിലര്‍ വി.വി.രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലീം തുടങ്ങിയവരും പങ്കെടുത്തു.

content highlights: maharashtra native and mahilamandiram inmate sangeetha marriage