കാരശ്ശേരി(കോഴിക്കോട്): പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതയാത്രയില്‍ വിലങ്ങുതടിയാകുമ്പോള്‍ തളര്‍ന്ന് സങ്കടപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസവും ഉള്‍ക്കരുത്തും പ്രതീക്ഷയും നല്‍കുന്ന ഒന്നാംതരം ഗുണപാഠമാണ് സുഹറാബിയുടെ ജീവിതം. ജീവിതത്തില്‍ തനിച്ചായിപ്പോയവര്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മാതൃകതീര്‍ക്കുകയാണ് കാരശ്ശേരി കക്കാട് വല്ലിരിക്കുന്ന് പാറമ്മല്‍ സുഹറാബി. രണ്ടരവര്‍ഷം മുമ്പ് വെള്ളപ്പൊക്കക്കാലത്ത് വീട്ടില്‍നിന്നിറങ്ങിയ ഭര്‍ത്താവിനെ കാണാതായതോടെയാണ് ഈ യുവതി തനിച്ചായത്. പോലീസില്‍ പരാതിനല്‍കി ഒരുപാട് പിന്നാലെ നടന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

അഞ്ചുസെന്റ് സ്ഥലവും കൊച്ചുവീടും മാത്രമായിരുന്നു ആകെ സാമ്പാദ്യം. ഒട്ടേറെ രോഗങ്ങളുടെ അലട്ടലും ഒപ്പം. എന്നാല്‍, തന്റേടവും ആത്മവിശ്വാസവും കൈമുതലാക്കി സുഹറാബി പിടിച്ചുനിന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷിയാര്‍ജിച്ചു സുഹറാബി. ഒപ്പം ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങി.

വീട്, കോഴിക്കൂട്, പൂച്ചട്ടി എന്നിവയുടെ നിര്‍മാണം, കോണ്‍ക്രീറ്റിങ്, പെയിന്റിങ് തുടങ്ങി സുഹറാബിക്ക് വഴങ്ങാത്ത തൊഴിലുകളില്ല. വാഴനാര്, ഇല, കോഴിമുട്ടത്തോട്, ന്യൂസ് പേപ്പര്‍ എന്നിവ ഉപയോഗിച്ചുള്ള കരകൗശലനിര്‍മാണം, ബോട്ടില്‍ ആര്‍ട്ട്, പച്ചക്കറികൃഷി, പൂന്തോട്ടമൊരുക്കല്‍, അച്ചാര്‍ നിര്‍മാണം തുടങ്ങിയവയിലും വിദഗ്ധ. വീടിനോടുചേര്‍ന്ന് 'അനുഗ്രഹ'യെന്ന സ്റ്റേഷനറിക്കടയും നടത്തുന്നു.

ഇന്‍കുബേറ്ററും പച്ചക്കറിക്കൃഷിയും

സ്വന്തമായി നിര്‍മിച്ച ഇന്‍കുബേറ്ററില്‍ കാടമുട്ടകളും കോഴിമുട്ടകളും വിരിയിക്കുന്നുണ്ട് സുഹറാബി. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി വില്‍ക്കാനുപയോഗിക്കുന്ന മൂന്ന് തട്ടുകളുള്ള ഒന്നാംതരം കൂടും സ്വന്തമായി ഉണ്ടാക്കിയതാണ്.

suharabi
സുഹറാബി സ്വന്തമായി നിര്‍മിച്ച ഇന്‍കുബേറ്റര്‍

വീടിനോടുചേര്‍ന്ന് അയല്‍വീട്ടുകാരുടെ പറമ്പില്‍ പച്ചക്കറികൃഷിയും ചെയ്തിരുന്നു. സ്വന്തമായി കിണറില്ലാത്തതിനാല്‍ അടുത്തുള്ള പാറക്വാറിയില്‍നിന്ന് വെള്ളം പമ്പുചെയ്താണ് നനച്ചിരുന്നത്. എന്നാല്‍, കാട്ടുപന്നികള്‍ വിള നശിപ്പിക്കാന്‍ തുടങ്ങിയതോടെ കൃഷി നിര്‍ത്താന്‍ നിര്‍ബന്ധിതയായി.

ദുഃഖിക്കുന്നവരുടെ കണ്ണീരുതുടയ്ക്കാന്‍

സ്വന്തം ജീവിതസങ്കടം മറന്ന് വേദനിക്കുന്നവരെ സഹായിക്കാനും സുഹറാബി മുന്നിലുണ്ട്. കാരശ്ശേരിയിലെ പഴയ സഹപാഠിയുടെ കുടുംബത്തിന് വീടുണ്ടാക്കാന്‍ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചുനല്‍കി. ഒരുലക്ഷം രൂപ ബാങ്കുവായ്പയും ഒരുക്കിക്കൊടുത്തു. അച്ചാര്‍ വില്‍പ്പനയിലൂടെയുള്ള വരുമാനവുമായി സുഹറാബി പതിവായി കീഴുപറമ്പിലെ കാഴ്ചശക്തിയില്ലാത്തവരെ പരിരക്ഷിക്കുന്ന അഗതിമന്ദിരത്തിലെത്തും. അവര്‍ക്ക് ഭക്ഷണമെല്ലാം വാങ്ങിനല്‍കി ഏറെനേരം അവരുകൂടെ ചെലവഴിക്കും.

സ്വന്തം യൂട്യൂബ് ചാനലും

ജീവിതമാര്‍ഗംതേടിയുള്ള തിരക്കിനിടയില്‍ കഥയും കവിതയുമൊക്കെ എഴുതാറുള്ള സുഹറാബിക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അച്ചാര്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയ്ക്കും യൂട്യൂബ് ചാനല്‍ സഹായകമാണ്.

"വീടിനോടുചേര്‍ന്ന് ബാത്ത് റൂമിന് തറ കെട്ടിയിട്ടിട്ട് രണ്ടുവര്‍ഷമായി. പഞ്ചായത്തില്‍നിന്ന് സഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ചിട്ട് കിട്ടിയില്ല. പെന്‍ഷനുവേണ്ടി വില്ലേജ് ഓഫീസും പഞ്ചായത്തോഫീസും കയറിയിറങ്ങിയതിനും കണക്കില്ല. ഒരുദിവസം ജോലിയെടുക്കാന്‍ പറ്റാതായാല്‍ എന്തുചെയ്യുമെന്ന ആധിയുണ്ട്. പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഒരു സമാധാനമാകുമായിരുന്നു" -സുഹറാബി സങ്കടം പങ്കുവെച്ചു.

content highlights: life of suharabi