മല്ലപ്പള്ളി: പെരുമഴയില്‍ കിടപ്പാടം തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങുമായി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍. തലോലപ്പറമ്പ് വടകര എസ്എന്‍ഡിപിക്കു സമീപമുള്ള മഠത്തില്‍ റജിയുടെ കുടുംബത്തിനാണ് യാത്രക്കാര്‍ സാമ്പത്തിക സഹായം നല്‍കിയത്. 

കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയിലെ മല്ലപ്പള്ളി- എറണാകുളം അമൃത ബസിലെ യാത്രക്കാരിയാണ് റജിയുടെ ഭാര്യ സിജി. ബൈക്ക് അപകടത്തെ തുടര്‍ന്ന് റജി ഏറെക്കാലമായി തളര്‍ന്ന് കിടപ്പാണ്. സിജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ക്ലീനീങ് സ്റ്റാഫായി ജോലി ചെയ്ത് കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് റജിയുടെ ചികിത്സയും, വൃദ്ധരായ മാതാപിതാക്കളുടെ പരിചരണവും കുട്ടികളുടെ വിദ്യാഭ്യാസവും നടത്തുന്നത്.

KSRTC
മഴയില്‍ തകര്‍ന്ന സിജിയുടെ വീട് , ഇത് ഇപ്പോള്‍ പൂര്‍ണമായും പൊളിച്ച മാറ്റിയതിന്
ശേഷം താല്‍ക്കാലിക ഷെഡ് നിര്‍മിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 21 ന് പെയ്ത കനത്തമഴയാണ് ഇവരുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. ആകെപ്പാടെയുണ്ടായിരുന്ന കിടപ്പാടം മഴയില്‍ പൂര്‍ണമായും തകര്‍ന്നു. കിടപ്പാടം നഷ്ടമായതോടെ ഇനി എന്തെന്ന് അറിയാതെ കുടുംബം വിഷമിക്കുന്നത് അറിഞ്ഞ, സിജി സ്ഥിരമായി സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ കൂടി കൈകോര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ശേഖരിച്ച 35501 രൂപ വെള്ളിയാഴ്ച രാവിലെ 7.45 ന് എറണാകുളം അമൃത ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സിജിക്ക് കൈമാറി. വീടുതകര്‍ന്നതോടെ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.