ഫറോക്ക്: ചോർന്നൊലിക്കുന്ന കൂരയിൽനിന്ന് നല്ലൂരങ്ങാടി പുഴക്കര കമലയ്ക്കും മകൻ കൃഷ്ണനും മോചനം. കെ.എം.സി.സി. ഖത്തറിന്റെ കാരുണ്യത്തണലിലാണ് വീടായത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നല്ലൂർ ശിവക്ഷേത്ര മേൽശാന്തി തെഞ്ചീരി ഇല്ലം രാമൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ കമലയ്ക്ക്‌ താക്കോൽ കൈമാറി.

പത്തുലക്ഷം രൂപ ചെലവിലാണ് ഭവനം നിർമിച്ചത്. ചോർന്നൊലിക്കുന്ന താത്കാലിക ഷെഡ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച്‌ ജീവിക്കുകയായിരുന്നു കമലയും മകൻ കൃഷ്ണനും.

ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് വനിതാവിങ്ങിന്റെ രൂപവത്‌കരണവുമായി ബന്ധപ്പെട്ടുനടത്തിയ വീട്‌ സന്ദർശനത്തിനിടെയാണ് ഫറോക്ക് നഗരസഭയിലെ ഇരുപത്തി ആറാം ഡിവിഷനിൽ രോഗിയായ കമലയെ കണ്ടത്. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റി അംഗങ്ങൾ ഖത്തർ കെ.എം.സി.സി. ബേപ്പൂർ മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടുകയും വീടുപണി പൂർണമായും ഏറ്റെടുക്കുകയുമായിരുന്നു.

താക്കോൽ കൈമാറ്റത്തിൽ സംസ്ഥാന മുസ്‍ലിംലീഗ് ഉപാധ്യക്ഷൻ എം.സി. മായിൻ ഹാജി, എം. മുഹമ്മദ് കോയ ഹാജി, കെ. ആലിക്കുട്ടി, ടി.പി. ആരിഫ് തങ്ങൾ, റഹൂഫ് മലയിൽ, അസീസ് കറുത്തേടത്ത്, ഇ.കെ. അബ്ദുൽ ലത്തീഫ്, വി. മുഹമ്മദ് ബഷീർ, വീരാൻ വേങ്ങാട്ട്, ഡിവിഷൻ കൗൺസിലർ പ്രതീക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: KMCC contributed home to kamala