കാസർകോട് : പോലീസ് സ്റ്റേഷനിൽ അഭയംതേടിയെത്തിയ വയോധികന് തണലായി കാസർകോട് പോലീസ്. ഞായറാഴ്ച രാവിലെ കാസർകോട് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചെത്തിയ മൂവാറ്റുപുഴ സ്വദേശി ജോസഫിനാണ് കാസർകോട് സ്റ്റേഷനിലെ പോലീസുകാർ തുണയായത്.

16-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ വ്യക്തിയാണ് ജോസഫ്. പ്രായാധിക്യംമൂലം നടക്കാനാവാത്ത ഇദ്ദേഹം രണ്ടുമൂന്ന് ദിവസമായി കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞുകൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ആരോ കാസർകോട് പോലീസ് സ്റ്റേഷനിൽ എത്തിയാൽ സഹായിക്കുമെന്നു പറഞ്ഞതുകേട്ട് ഓട്ടോഡ്രൈവറുടെ സഹായത്താലാണ് പോലീസ് സ്റ്റേഷനിലെത്തിയത്.

ഭക്ഷണം കഴിച്ചിട്ടുതന്നെ മൂന്നുനാല് ദിവസമായെന്നും തന്നെ എങ്ങനെയെങ്കിലും ഒരു അഗതിമന്ദിരത്തിലെത്തിക്കണം എന്ന ജോസഫിന്റെ അപേക്ഷയാണ് കാസർകോട്ടെ പോലീസുകാരുടെ മനസ്സലിയിച്ചത്.

പിന്നെ പോലീസുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കുളിപ്പിച്ചു. ഭക്ഷണവും പുതിയ വസ്ത്രവും നല്കി. പോലീസുകാരുടെ ഇടപെടലിൽ അമ്പലത്തറയിലെ അഗതിമന്ദിരത്തിലെത്തിക്കുകയും ചെയ്തു.

എസ്.ഐ. വിഷ്ണുപ്രസാദ്, എ.എസ്.ഐ. പ്രേമരാജൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ മധു കാരക്കടവത്ത്, പ്രവീൺ കുമാർ, സുരേഷ്, രതീഷ് മയിച്ച, സന്തോഷ് ചോയങ്കോട്, സജിത്ത് പടന്ന, എ.ജി. പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലാണ് ജോസഫിനെ അഗതിമന്ദിരത്തിലെത്തിച്ചത്.