leela
എം.എം.ലീല

മുറിവുകൾപറ്റിയാൽ ഓടിയെത്തും ടീച്ചറമ്മ, അമ്മയായും മുത്തശ്ശിയായും മെല്ലെ തലോടും നമ്മുടെ സ്വന്തം ടീച്ചറമ്മ... രണ്ടാം ക്ലാസുകാരൻ ഉമർ അബ്‌ദുള്ള നോട്ടുബുക്കിലെഴുതിയ കവിത. അവൻ തന്നെ യാത്രയയപ്പ് യോഗത്തിൽ ചൊല്ലുകയും ചെയ്തു.ഇതോടെ സദസ്സിലുള്ളവരും കുട്ടികളും പ്രിയപ്പെട്ട ലീല ടീച്ചറിനെക്കുറിച്ചുള്ള ഓർമകളിലൂടെ സഞ്ചരിച്ചു.

കരിച്ചാറ ഗവ. എൽ.പി. സ്‌കൂളിൽനിന്നു പ്രഥമാധ്യാപികയായി വിരമിക്കുന്ന എം.എം.ലീല, കുട്ടികൾക്കും നാട്ടുകാർക്കും ടീച്ചറമ്മയാണ്. വർഷങ്ങൾക്കു മുൻപ് തകർച്ചയിൽനിന്നും ഇന്നത്തെ കരിച്ചാറ എൽ.പി. സ്‌കൂളിനെ കൈപിടിച്ചുയർത്തിയ ടീച്ചറമ്മ. ഈ സ്കൂളിൽ 14 വർഷം പ്രഥമാധ്യാപികയായിരുന്നു ലീല. അയിരൂപ്പാറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയായിരിക്കുമ്പോൾ 2005-ൽ ആണ് ഉദ്യോഗക്കയറ്റം കിട്ടി കരിച്ചാറ സ്‌കൂളിൽ പ്രഥമാധ്യാപികയായി എത്തുന്നത്.

2005ൽ 145 കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു. എന്നാൽ, സ്വകാര്യ സ്‌കൂളുകളുടെ ആധിക്യമായതോടെ കരിച്ചാറ സ്‌കൂളിൽനിന്നു കുട്ടികൾ കൊഴിഞ്ഞുകൊണ്ടിരുന്നു. എണ്ണം 50 വരെയായി താഴ്ന്നു. സ്കൂളിനെ രക്ഷിക്കാൻ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഇവിടെയും ഇംഗ്ളീഷ് മീഡിയം തുടങ്ങി. മികച്ച വിദ്യാഭ്യാസം നൽകിയും സ്‌കൂളിനെ നാടിന്റെ ശ്രദ്ധാകേന്ദ്രമാക്കാനും ടീച്ചർക്ക് കഴിഞ്ഞു. പിന്നീട് കുട്ടികളുടെ എണ്ണം മെച്ചപ്പെട്ടു. ഇക്കഴിഞ്ഞ സ്‌കൂൾ വർഷം എൽ.പി.യിൽ 110 കുട്ടികളും പ്രീ-പ്രൈമറിയിൽ അൻപതിലധികം കുട്ടികളുമുണ്ടായിരുന്നു. സ്‌കൂളിന് കംപ്യൂട്ടർ മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായി. നാല് ഹൈടെക് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ പണി നടക്കുന്നു.

കോട്ടയം ജില്ലയിലെ പാല ഇടമറ്റം സ്വദേശിയാണ് ടീച്ചർ. ഇപ്പോൾ പൗഡിക്കോണത്ത് താമസിക്കുന്നു. വിരമിക്കൽ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കരിച്ചാറ നാദിർഷ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.ജലീൽ പൊന്നാട ചാർത്തി. സ്വാഗതസംഘം കൺവീനർ ജെ.എം.റഹിം രചിച്ച മംഗളശ്ലോകപത്രം ബ്ലോക്ക് പഞ്ചായത്തംഗം എ.അൽത്താഫ് നല്കി. വിവിധ സംഘടനകളും വിദ്യാർഥികളും നാട്ടുകാരും ടീച്ചർക്ക് ഉപഹാരങ്ങൾ നല്കി. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പൊടിമോൻ അഷ്‌റഫ്, എം.സുനിത, ബുഷ്‌റ നവാസ്, എ.കൃഷ്ണൻകുട്ടി, എൻ.പ്രഭ, സി.കൃഷ്ണൻ എന്നിവരും വിവിധ സംഘടനകളുടെയും പി.ടി.എ.യുടെയും പ്രതിനിധികളും സംസാരിച്ചു.

content highlights: karichara govt lp school headmaster m m leela retires