കോവിഡ് കാലം കഷ്ടപ്പാടിന്റെ കാലമാണ്. അന്നുവരെയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ നിരവധി പേരുണ്ട് നമുക്കു ചുറ്റും. അത്തരത്തിലുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് തൃശ്ശൂരില്‍നിന്നുള്ള ഒരു ഐ.ടി. കമ്പനി. ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി. സര്‍വീസസ് എല്‍.എല്‍.പി. എന്നാണ് കമ്പനിയുടെ പേര്. ചാലക്കുടി കോട്ടേറ്റിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് പ്രതിസന്ധിമൂലം കമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും കുടുംബത്തിനു മുന്‍ഗണന നല്‍കി ജോലിക്ക് ശ്രമിക്കാതിരുന്ന അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ച സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ജോബിന്‍ ആന്‍ഡ് ജിസ്മി കമ്പനിയുടെ പരസ്യം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ നിരവധി ചെറുകമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. പലയിടങ്ങളിലും ശമ്പളം കൊടുക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധിപേരാണ് ഇത്തരം കമ്പനികളില്‍നിന്ന് പുറത്തുവരുന്നത്. അവര്‍ കുറച്ചുകാലം സമാനമേഖലയിലെ ജോലിക്ക് ശ്രമിക്കും. അത്തരം ജോലി കിട്ടാത്തപക്ഷം അവര്‍ മറ്റുമേഖലകളിലേക്ക് തിരിയും. കഴിവുള്ള നിരവധിയാളുകള്‍ ഇത്തരത്തില്‍ പുറത്തുവരുന്നുണ്ട്. അവരെ ഞങ്ങളുടെ കമ്പനിയിലേക്ക് ആകര്‍ഷിക്കുക എന്നാതാണ്-കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 'കമ്പനി അടച്ചു പൂട്ടിയതിനാല്‍' ജോലി നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജോബിന്‍ ആന്‍ഡ് ജിസ്മി കമ്പനി സി.ഇ.ഒ. ജോബിന്‍ ജോസ് മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു. 

Read More: ഗ്രാമത്തില്‍ ഐടി കമ്പനി തുടങ്ങിയ സംരംഭക ദമ്പതിമാര്‍

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ജോലിക്ക് ശ്രമിക്കാതിരുന്ന അല്ലെങ്കില്‍ കുടുംബത്തിന് പരിഗണന നല്‍കി ജോലി ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് പിന്നിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുതുതായി ജോലിക്ക് കയറുന്നവരെ അപേക്ഷിച്ച് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. മാത്രമല്ല, കോഴ്‌സ് കഴിഞ്ഞ് നേരെ ജോലിക്ക് കയറുന്നവരെ വെച്ചുനോക്കുമ്പോള്‍ തൊഴില്‍ജീവിതത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും ഇവര്‍ക്കുണ്ടാവുക. കുടുംബത്തിലെയും മറ്റും ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വരുന്നവരായതിനാല്‍, ജോലി ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും കുറവാണ്- ജോബിന്‍ പറഞ്ഞു. 2012-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 100 ജീവനക്കാരുള്ള കമ്പനിയിലെ അറുപത് ശതമാനത്തില്‍ അധികം ജീവനക്കാരും സ്ത്രീകളാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള നടപടികളും കമ്പനി ചെയ്തിട്ടുണ്ടെന്നും ജോബിന്‍ കൂട്ടിച്ചേര്‍ത്തു. 

ക്ലൗഡ് ഇ.ആര്‍.പി. ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് കസ്റ്റമൈസേഷന്‍ സര്‍വീസ് ദാതാക്കളാണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി. സര്‍വീസസ്. ജോബിന്റെ ഭാര്യ ജിസ്മിയാണ് കമ്പനി സി.ടി.ഒ.  

content highlights: jobin and jismi it services llp offers preference to those who lost job due to covid crisis