എരുമേലി: പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്ത കൂരയില്‍നിന്ന് സുരക്ഷിതമായ പുതിയ വീട്ടിലേക്ക് മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമനയും മൂന്ന് പെണ്‍മക്കളും വലതുകാല്‍ വെച്ച് കയറി. അരക്ഷിതാവസ്ഥയില്‍നിന്നു സുരക്ഷിതത്വത്തിലേക്കുള്ള പടിയേറ്റത്തിന് എ.ഡി.ജി.പി. എസ്. ശ്രീജിത്തും, ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവും സാക്ഷികളായി.
വീട് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ ജനമൈത്രി പോലീസിനും സഹായങ്ങളേകിയ നാട്ടുകാര്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങള്‍. വെള്ളിയാഴ്ച പകല്‍ 11-ന് ശേഷമായിരുന്നു വീടിന്റെ താക്കോല്‍ കൈമാറല്‍.
മക്കളുടെ വിദ്യാഭ്യാസവും നിത്യജീവിതവും പ്രതിസന്ധിയിലായി പ്ലാസ്റ്റിക് കൂരയില്‍ കഴിഞ്ഞ ഓമനയുടെ ദുരവസ്ഥ ജനമൈത്രി പോലീസ് കണ്ടെത്തുകയും കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു. ആരില്‍നിന്നും പണമായി വാങ്ങാതെ വീട് നിര്‍മാണത്തിനാവശ്യമായ സാധനങ്ങളും തൊഴില്‍ സഹായവും സ്വീകരിച്ച് ഒരു വര്‍ഷം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കി. സിറ്റൗട്ട്, ഹാള്‍, രണ്ട് മുറി, അടുക്കള, ബാത്ത് റൂം ഉള്‍പ്പെടെ 750 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വീടിന്.
11 ലക്ഷം രൂപയ്ക്കടുത്താണ് ചെലവായ തുക. ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ സബീര്‍ മുഹമ്മദ്, കെ.എസ്. ഷാജി എന്നിവര്‍ക്കായിരുന്നു നിര്‍മാണം മുതല്‍ പൂര്‍ത്തീകരണം വരെയുള്ള നടത്തിപ്പ് ചുമതല.
വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി. താക്കോല്‍ ഓമനയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ ജെ. സന്തോഷ്‌കുമാര്‍, വിനോദ്പിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, സജീവ് ചെറിയാന്‍, എം.എസ്. സതീഷ്, വി.എ. മുജീബ് റഹ്മാന്‍, അജിമോന്‍ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
content highlights: janamaithri police builts and handovers house to omana and family