ശ്രീനഗര്‍: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഐ.ഇ.എസ്.(ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വീസ്) പരീക്ഷയില്‍ രണ്ടാംറാങ്ക് നേടി ജമ്മു കശ്മീരില്‍നിന്നുള്ള കര്‍ഷകന്റെ മകന്‍. കുല്‍ഗാം ജില്ലയില്‍നിന്നുള്ള തന്‍വീര്‍ അഹ്മദ് ഖാനാണ് അഭിമാനവിജയം കരസ്ഥമാക്കിയത്. ആദ്യശ്രമത്തിലാണ് മികച്ചനേട്ടമെന്നതും തന്‍വീറിന്റെ ജയത്തിന് മാറ്റുകൂട്ടുന്നു. ശ്രീനഗറില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നിഗീന്‍പോരാ കുണ്ട് ഗ്രാമത്തിലാണ് തന്‍വീറിന്റെ വീട്. ഇവിടുത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തന്‍വീര്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാള്‍ട്ടന്‍ഗൂവില്‍നിന്ന് തുടര്‍ പഠനവും പൂര്‍ത്തിയാക്കി. 

റസ്‌ലൂ കുണ്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് തന്‍വീര്‍ 12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അനന്ത്‌നാഗിലെ സര്‍ക്കാര്‍ കോളേജില്‍നിന്ന് 2016-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു തന്‍വീര്‍. കശ്മീര്‍ സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ തന്‍വീര്‍ അവിടെത്തന്നെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദ പഠനത്തിന് ചേരുകയും ചെയ്തു. പി.ജി. പഠനത്തിന്റെ അവസാനവര്‍ഷം തന്‍വീര്‍ ജെ.ആര്‍.എഫും നേടി. ജെ.ആര്‍.എഫ്. ഫെലോഷിപ്പ് ലഭിച്ചതിനു പിന്നാലെ തന്‍വീര്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം.ഫില്‍ പഠനത്തിന് ചേര്‍ന്നു. 2021-ല്‍ ഡെവലപ്‌മെന്റ്  സ്റ്റഡീസില്‍ തന്‍വീര്‍ എം.ഫില്‍ പൂര്‍ത്തിയാക്കി. 

ശൈത്യകാലങ്ങളില്‍ കൊല്‍ക്കത്തയിലേക്ക് പോവുകയും അവിടെ റിക്ഷാവലിക്കാരായി തന്‍വീര്‍ ജോലി നോക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്താല്‍ ഫലം ലഭിക്കുമെന്നും ഒന്നും അസാധ്യമല്ലെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് കാലത്ത് മുറിയുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഞാന്‍ എന്നെത്തന്നെ തളച്ചിടുകയും എം.ഫില്‍ പഠനത്തിനൊപ്പം തന്നെ ഐ.ഇ.എസ്. പരീക്ഷയ്ക്ക് തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. പഠനക്രമത്തെ ബാധിക്കാന്‍ ഞാന്‍ കോവിഡിനെ അനുവദിച്ചതേയില്ല- തന്‍വീര്‍ പറയുന്നു. ഐ.ഇ.എസിനുള്ള ശ്രമം കടുപ്പം നിറഞ്ഞതായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ കഠിനമായി പരിശ്രമിച്ചു. ആദ്യശ്രമത്തെ അവസാനത്തെ ശ്രമമായാണ് കണക്കാക്കിയത്. ഒടുവില്‍ ലക്ഷ്യം നേടാനായെന്നും തന്‍വീര്‍ പറയുന്നു. തന്‍വീറിന്റെ നേട്ടത്തില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. 

content highlights: jammu and kashmir farmer's son secures second rank in ies exam