jisha
ജിഷ

തൃശ്ശൂര്‍: പുനര്‍ജന്മത്തില്‍ മാത്രമല്ല, കൂട്ടുകാരുടെ കരുതലിലും ജിഷയ്ക്ക് വിശ്വാസമുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ബസപകടത്തില്‍പ്പെട്ട് മരിച്ചെന്ന്  ഡോക്ടര്‍മാര്‍ പോലും ഉറപ്പിച്ചതാണ്. കൂട്ടുകാരാണ് കൂടെനിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ജിഷയുടെ പ്രാണന്‍ തിരികെപ്പിടിച്ചത്. ഭര്‍ത്താവിന്റെ അകാലമരണത്തിലും താങ്ങായി കൂട്ടുകാര്‍. ഇപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് ജീവിതം വിഷമവൃത്തത്തിലായപ്പോഴും സൗഹൃദവലയം താങ്ങായുണ്ട്. പക്ഷേ, യോജിക്കുന്ന വൃക്കദാതാവിനെ കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയയ്ക്കുള്ള വലിയ തുകയും വേണം.

മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ 1997-ല്‍ ആയിരുന്നു ബസപകടം. രണ്ട് ബസുകള്‍ കൂട്ടിമുട്ടിയതിനിടെ കമ്പികള്‍ ജിഷയുടെ വയറ്റിലൂടെ തുളച്ചുകയറി. ആന്തരികാവയവങ്ങള്‍ തകര്‍ന്നു. ഉള്ളില്‍ അണുബാധയുണ്ടായി. രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കൂട്ടുകാര്‍ ചേര്‍ന്ന് വിദഗ്ധചികിത്സ തേടി. മാസങ്ങളോളമുള്ള ചികിത്സ കഴിഞ്ഞ് തിരികെ ക്ലാസിലെത്തിയ ജിഷയ്ക്ക് കേള്‍വിശക്തി പൂര്‍ണമായും സംസാരശേഷി ഭാഗികമായും നഷ്ടപ്പെട്ടിരുന്നു.

അതേ കോളേജില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കില്‍ ഫിസിക്‌സ് ബിരുദം നേടി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എം.എസ്സി.ക്ക് ചേര്‍ന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുംമുമ്പേ സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്കായി ജോലി കിട്ടി. ഇപ്പോള്‍ തൃശ്ശൂരില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ് ജിഷ.

വിവാഹത്തിന്റെ നാലാംവര്‍ഷം ഭര്‍ത്താവ് സുഷാന്ത് കാന്‍സര്‍ പിടിപെട്ട് മരിച്ചു. വിവാഹത്തോടെ ഇരുവരുടെയും വീട്ടുകാരും അകന്നു. പത്തുവയസ്സുകാരനായ മകന്‍ നിയോ ആന്‍ഡേഴ്‌സിനോടൊപ്പം ജീവിതം മുന്നോട്ടുപോകവേയാണ് വൃക്കകള്‍ തകരാറിലായത്. ശരീരം ഇടയ്ക്ക് ചെറിയ പക്ഷാഘാതലക്ഷണവും കാണിച്ചു. കേള്‍വി വീണ്ടെടുക്കാന്‍ കോക്ലിയര്‍ ഇംപ്ലാന്റിനായി ജിഷ കടംവാങ്ങിയും കുറിപിടിച്ചും കുറച്ച് പണം സ്വരൂപിച്ചിരുന്നു. ആ തുക ഇപ്പോള്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ചെലവാക്കുകയാണ്. ഉടന്‍ ഡയാലിസിസ് തുടങ്ങണം. വൈകാതെ വൃക്ക മാറ്റിവെയ്ക്കണം. ശുഭാപ്തിവിശ്വാസവും കൂട്ടുകാരുടെ കരുതലുമാണ് കൈമുതല്‍.

content highlights: in all adversities friends are always there for jisha