ആർപ്പൂക്കര: ശബ്ദവും വാക്കുകളുമില്ലാത്ത ബബുലമോളുടെ വിവാഹനിശ്ചയമായിരുന്നു തിങ്കളാഴ്ച. ഇരട്ടിസന്തോഷത്തോടെയാണ്‌ സ്വന്തം വീട്ടിൽനിന്ന് ഒരുങ്ങിയിറങ്ങിയത്. മകളുടെ കൈപിടിച്ച്‌ അമ്മയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന്‌ തുണയായ ‘ഇപ്കായ്‌’ എന്ന സംഘടനയിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ബബുലയ്ക്ക് കൂട്ടായെത്തിയ ബിനോ ബാബുവിനും കേൾവിശക്തിയും സംസാരശേഷിയുമില്ല.

ആർപ്പൂക്കര, കോതാകരി കോളനിയിൽ ചിറയ്ക്കൽതാഴെ സി.കെ. കുഞ്ഞുമോളുടെയും പരേതനായ ബാബുരാജിന്റേയും രണ്ടാമത്തെ മകളാണ്‌ ബബുല. ഓട്ടോ ഡ്രൈവറായിരുന്ന ബാബുരാജ്‌ ഏഴുവർഷം മുമ്പ് മരിച്ചതോടെ മൂന്നുമക്കളും കുഞ്ഞുമോളും ഒറ്റയ്ക്കായി. കൂലിപ്പണി ചെയ്താണ് കുഞ്ഞുമോൾ മക്കളെ വളർത്തിയത്. വിവിധ രോഗങ്ങൾ അലട്ടിയിട്ടും കുടുംബംപോറ്റാൻ എല്ലുമുറിയെ പണിയെടുത്തു. ഇടയ്ക്ക് ആറുമാസം എം.ജി. സർവകലാശാലയിൽ താത്കാലിക ജോലി ലഭിച്ചെങ്കിലും കാലാവധി കഴിഞ്ഞതോടെ കൂലിവേലയിലേക്ക് മടങ്ങി. ബബുല മലയാളത്തിൽ ബിരുദം നേടി. വിദ്യാർഥികളായ ആൺമക്കൾക്ക്‌ അമ്മയെ സഹായിക്കാനാകാത്തതിൽ വിഷമമുണ്ട്‌.

ബബുലയുമായി ഷെഡ്ഡിൽ താമസിക്കുമ്പോൾ, ആറുവർഷം മുമ്പ് വോയ്സ് ഓഫ് ദി ക്രൈസ്റ്റിന്റെ സഹായത്തോടെ വീടുപണി തുടങ്ങിവെച്ചു. ബാക്കിയുണ്ടായിരുന്ന പണികളും മഴക്കെടുതിമൂലമുണ്ടായ കേടുപാടും നന്മ വീട് കൂട്ടായ്മ തീർത്തു. ബബുലയുടെ സഹോദരൻമാരും ബന്ധുക്കളും കൂടിയതോടെ ചെലവ് ചുരുക്കാനും സാധിച്ചു.

16-ാം വാർഡംഗം പ്രവീൺ കുമാറും ഇപ്കായ് നാഷണൽ കോ-ഓർഡിനേറ്ററും പഞ്ചായത്ത് ജീവനക്കാരനുമായ അനീഷ് മോഹൻ, സുഹൃത്തുക്കളായ ദയാൽ ശിവസ്വാമി, ദീപു കുര്യൻ, ശിവദാസൻ, ശ്യാം ശിവസ്വാമി എന്നിവരും സാമ്പത്തികസഹായവുമായി അയർലാൻഡ്‌ മലയാളി കൂട്ടായ്മ ’നന്മ കൂട്ടായ്മയിലും ഒന്നിച്ചത്. രണ്ടാമത്തെ നന്മ വീടിന്റെ പണികളാണ് പൂർത്തിയാക്കിയത്.

വാകത്താനം കണ്ണഞ്ചിറ സ്വദേശിയാണ്‌ ബിനോ ബാബു. ബിനോ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്ഥിരവരുമാനമുള്ള ജോലിയാണ്‌ ഇരുവരുടെയും ലക്ഷ്യം. കല്യാണച്ചെലവാണ്‌ കുഞ്ഞുമോൾ നേരിടുന്ന അടുത്ത വെല്ലുവിളി.